കോഴിക്കോട്:ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേടിയതിനുള്ള ലോക റെക്കോര്‍ഡ് സ്വന്തമാക്കി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് മലയോര മേഖലയിലെ ദമ്പതികള്‍. മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂര്‍ ചേന്ദാംകുന്നത്ത് ജിഹാദ് യാസിറും ഭാര്യ നിമിഷയുമാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ സര്‍ട്ടിഫിക്കറ്റ് നേടി ജിഹാദ് യാസിര്‍ ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടുകയായിരുന്നു.
മൂന്നുദിവസം കൊണ്ട് 415 സര്‍ട്ടിഫിക്കറ്റ് നേടിയാണ് യാസിര്‍ ചരിത്രം കുറിച്ചിരിക്കുന്നത്. 60ദിവസം കൊണ്ട് 367 സര്‍ട്ടിഫിക്കറ്റ് എന്നായിരുന്നു നിലവിലെ ലോക റെക്കോര്‍ഡ്. ഭാര്യ നിമിഷയാകട്ടെ 24 മണിക്കൂര്‍ കൊണ്ട് 151 കോഴ്സ് സര്‍ട്ടിഫിക്കറ്റുകള്‍ നേടി. 24 മണിക്കൂറില്‍ 140 സര്‍ട്ടിഫിക്കറ്റ് എന്ന നിലവിലെ റെക്കോര്‍ഡാണ് നിമിഷ തിരുത്തിയത്. തൃശ്ശൂര്‍ വിമലാ കോളേജിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ജിഹാദ് യാസിര്‍ കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ ഡോ.അംബേദ്കര്‍ ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. മൂന്നു വര്‍ഷത്തെ ഗവേഷണത്തിന് 20 ലക്ഷം രൂപയാണ് ലഭിക്കുക.
എം എസ് ഡബ്ലുവിന് ശേഷം വയനാട് പീസ് വില്ലേജില്‍ പ്രൊജക്റ്റ് ഡിസൈനറായി എത്തിയ ഇരുവരും ജീവിതത്തില്‍ ഒരുമിക്കുകയായിരുന്നു. കുട്ടികളുടെ മയക്ക് മരുന്ന് ഉപയോഗത്തെകുറിച്ചുള്ള ഗവേഷണത്തിലാണ് രണ്ടുപേരും.നിമിഷ നിംഹാന്‍സ് ബംഗളൂരുവില്‍ ഉദ്യോഗസ്ഥയാണ് .
Comments