ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും അതിർത്തി കടന്ന് പാക് ഡ്രോൺ എത്തി. ജമ്മു ജില്ലയിലെ അർണിയ മേഖലയിൽ രാവിലെയോടെയായിരുന്നു സംഭവം. അതിർത്തി സംരക്ഷണ സേന വെടിയുതിർത്തതോടെ ഡ്രോൺ തിരികെ പാകിസ്താനിലേക്ക് തിരിച്ചു പോയി.
പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. അന്താരാഷ്ട്ര അതിർത്തി കടന്നാണ് ഡ്രോൺ പാകിസ്താനിൽ നിന്നും എത്തിയത്. പുലർച്ചെ ശബ്ദം കേട്ടതോടെ അതിർത്തി സംരക്ഷണ സേനാംഗങ്ങൾ നിരീക്ഷിച്ചപ്പോൾ ഡ്രോൺ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് വെടിയുതിർത്തു. ഇതോടെ ഡ്രോൺ അതിർത്തി കടന്ന് പാകിസ്താനിലേക്ക് മടങ്ങി. 10 മിനിറ്റിനുള്ളിൽ 18 റൗണ്ട് വെടിയുതിർത്താണ് സേന ഡ്രോൺ തകർക്കാൻ ശ്രമിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതിർത്തി സംരക്ഷണ സേന തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ആഴ്ച ലഷ്കർ ഇ ത്വയ്ബ ഭീകരർ പ്രദേശത്തേക്ക് ഡ്രോണിൽ ആയുധങ്ങൾ കടത്താൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച ജമ്മു കശ്മീരിലെ ആർഎസ് പുര സെക്ടറിലാണ് ആയുധം കടത്താൻ ശ്രമം ഉണ്ടായത്.
Comments