കീവ് : റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും ഇന്ത്യയുടെ സഹായം തേടി യുക്രെയ്ൻ. ആക്രമണത്തിൽ നിന്നും പിന്മാറാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടണമെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ അഭ്യർത്ഥിച്ചു. യുക്രെയ്നിൽ റഷ്യ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ദിമിട്രോ കുലേബ വീണ്ടും ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടത്.
യുദ്ധം 11ാം ദിവസവും തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിശദീകരിക്കാൻ
ദിമിട്രോ കുലേബ രാവിലെ വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഇതിലാണ് നരേന്ദ്ര മോദിയുടെ ഇടപെടൽ ആവശ്യപ്പെട്ട വിവരം അദ്ദേഹം പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. യുദ്ധം എല്ലാവരുടെയും താത്പര്യങ്ങൾക്ക് എതിരാണെന്ന് വ്ളാഡിമിർ പുടിനെ അറിയിക്കാൻ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ലോകത്ത് യുദ്ധത്തിൽ തത്പരനായ ഒരേയൊരാൾ പുടിൻ മാത്രമാണ്. റഷ്യൻ ജനത ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ദിമിട്രോ കുലേബ വ്യക്തമാക്കി.
യുക്രെയ്നിന്റെ കാർഷിക ഉത്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. യുദ്ധം തുടരുകയാണെങ്കിൽ കൃഷി ചെയ്യാൻ സാധിക്കില്ല. റഷ്യയ്ക്കെതിരായ ചെറുത്തു നിൽപ്പിൽ ഇന്ത്യക്കാരുടെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Comments