മോസ്കോ: യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ലിക്സ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്ലിക്സ് പ്രസ്താവനയിൽ അറിയിച്ചു. യുക്രെയ്നിൽ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ്ഫ്ലിക്സ് റഷ്യയിൽ നിർമ്മിക്കുന്ന ചിത്രങ്ങളുടേയും സീരീസുകളുടേയും സംപ്രേഷണം തടഞ്ഞിരുന്നു. ഇപ്പോൾ നെറ്റ്ഫ്ലിക്സിന്റെ സേവനം പൂർണ്ണമായും റദ്ദ് ചെയ്തിരിക്കുകയാണ്.
റഷ്യയുടെ നടപടിയിൽ പ്രതിഷേധിച്ച് പല ഒടിടി പ്ലാറ്റ്ഫോമുകളും റഷ്യയിൽ സംപ്രേഷണം അവസാനിപ്പിച്ചിരുന്നു. ലോകത്താകമാനം 221.8 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള നെറ്റ്ഫ്ലിക്സിന് റഷ്യയിലുള്ളത് ഒരുമില്യണിൽ താഴെ ഉപയോക്താക്കളാണ്. യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ടിക് ടോക്ക്, അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. അമേരിക്കൻ എക്സ്പ്രസും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്.
മാദ്ധ്യമങ്ങൾക്കെതിരെ കർശന നടപടിയുമായി റഷ്യ എത്തിയതോടെ ബിബിസിയും സിഎൻഎന്നും ബ്ലൂബെർഗ് ന്യൂസും റഷ്യയിലെ പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്. റഷ്യയിൽ തുടരുന്ന മാദ്ധ്യമപ്രവർത്തകർക്കും മറ്റ് സ്റ്റാഫുകൾക്കും പ്രവർത്തനം നിർത്താൻ നിർദ്ദേശം നൽകുകയായിരുന്നു. റഷ്യയെ കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കഠിനമായ ശിക്ഷ നടപ്പാക്കുന്നതിനുള്ള നിയമത്തിൽ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒപ്പുവെച്ചതോടെയാണിത്.
Comments