മോസ്കോ: ;ചർച്ചയിലൂടെയോ യുദ്ധത്തിലൂടെയോ യുക്രെയ്നിൽ റഷ്യയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പുടിനും ഞായറാഴ്ച നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്ന് മേൽ റഷ്യ നടത്തുന്ന അധിനിവേശം 11 ദിവസത്തിലേറെയായി തുടരുന്ന സാഹചര്യത്തിലാണ് പ്രസ്താവന. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം സൈനിക ആക്രമണം ആരംഭിച്ചതിന് പിന്നാലെ 1.5 ദശലക്ഷത്തിലധികം ആളുകൾ യുക്രെയ്നിൽ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. അയൽരാജ്യങ്ങളായ പോളണ്ട്, റൊമാനിയ, മോൾഡോവ എന്നിവിടങ്ങളിലേക്കാണ് ഇവരിൽ ഭൂരിഭാഗവും അഭയാർത്ഥികളായി എത്തിയിരിക്കുന്നത്.
ചോരവാർന്നൊഴുകുന്ന നിലയിലാണ് യുക്രെയ്ൻ എന്ന് വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. പക്ഷേ യുക്രെയ്ൻ ഇപ്പോഴും വീണിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയ്ക്കെതിരായ ഉപരോധം ശക്തമാക്കണമെന്ന് പടിഞ്ഞാറൻ രാജ്യങ്ങളോട് യുക്രെയ്ൻ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. പോർ വിമാനങ്ങളും ആയുധങ്ങളും കൈമാറണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. പോളണ്ടിൽ നിന്ന് യുക്രെയ്നിലേക്ക് പോർവിമാനം എത്തിക്കാൻ ആലോചിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യ ആക്രമണം കടുപ്പിക്കുമ്പോൾ യുക്രെയ്നും ശക്തമായ പ്രതിരോധമാണ് നടത്തുന്നത്. കിടങ്ങുകൾ നിർമ്മിച്ചും റോഡുകൾ അടച്ചും സൈനികർ പ്രതിരോധം തീർക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെല്ലാം ശക്തമായ ഷെല്ലാക്രമണമാണ് നടക്കുന്നത്. പ്രധാനപാതകളിലെല്ലാം മണൽചാക്കുകളും കോൺക്രീറ്റ് സ്ലാബുകളും നിരത്തിയിട്ടുണ്ട്. അതേസമയം മറ്റ് രാജ്യങ്ങളുടെ വ്യോമതാവളങ്ങൾ യുക്രെയ്ൻ ഉപയോഗിച്ചാൽ ആ രാജ്യങ്ങളേയും സംഘർഷത്തിൽ പങ്കാളികളായി കണക്കാക്കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
Comments