ചെന്നൈ: പല്ല് തേക്കുന്നതിനിടെ തെന്നി വീണ യുവതിയുടെ വായിൽ ടൂത്ത്ബ്രഷ് കുടുങ്ങി. കാഞ്ചീപുരം സ്വദേശി രേവതിയുടെ വായിലാണ് ബ്രഷ് കുടുങ്ങിയത്. മാർച്ച് നാലിനായിരുന്നു സംഭവം. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെയാണ് ബ്രഷ് പുറത്തെടുത്തത്.
പല്ല് തേക്കുന്നതിനിടെ യുവതി അബദ്ധത്തിൽ കുളിമുറിയിൽ തെന്നി വീഴുകയും, ടൂത്ത്ബ്രഷ് യുവതിയുടെ വായിൽ കുടുങ്ങുകയുമായിരുന്നു. ഇതിനെ തുടർന്ന് രേവതയ്ക്ക് വായ തുറക്കാനോ അടക്കാനോ സാധിക്കുന്നിലായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
യുവതിയുടെ കവിൾ കീറിയാണ് ടൂത്ത് ബ്രഷ് പുറത്തെടുത്തത്. രേവതിയുടെ മോണയുടെ ഭാഗത്ത് തറച്ചിരുന്ന ബ്രഷ് ചെവിയുടെ ഭാഗം വരെ എത്തിയിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. പല്ലിന്റെ ഇടയിൽ കുടുങ്ങിയ ബ്രഷിന്റെ ഒരുഭാഗം പുറത്തെടുക്കാൻ അൽപം പാടുപെട്ടുവെന്നും ഡോക്ടർമാർ പറയുന്നു.
സമാന രീതിയിലുള്ള സംഭവം അരുണാചൽപ്രദേശിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ പല്ല് തേക്കുന്നതിനിടെ അബദ്ധത്തിൽ ഒരു യുവാവ് ബ്രഷ് വിഴുങ്ങി. ഡോക്ടർമാർ എക്സ്-റേയും മറ്റ് പരിശോധനകളും നടത്തിയിട്ടും അന്നനാളത്തിൽ ബ്രഷ് കണ്ടെത്തിയില്ല. പിന്നീടാണ് വയറിന്റെ മുകൾ ഭാഗത്ത് ബ്രഷ് കുടുങ്ങി കിടക്കുന്ന വിവരം പരിശോധനയിൽ തെളിഞ്ഞത്. പിന്നീട് ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കുകയായിരുന്നു.
Comments