ദുബായ് : യുക്രെയ്ൻ പ്രതിസന്ധിയിൽ എണ്ണവില കുതിച്ചുയർന്നതിനെ തുടർന്ന് ഇന്ത്യൻ രൂപയ്ക്ക് ഇടിവ്. ഏറ്റവും ഉയർന്ന വിനിമയ നിരക്കാണ് യുഎഇയിലെ ബാങ്കുകളിലും ഇതര ധനവിനിമയ സ്ഥാപനങ്ങളിലും ലഭിച്ചത്. രൂപയുടെ മൂല്യം താഴ്ന്ന നിലയിലെത്തിയതോടെ എക്‌സ്‌ചേഞ്ചുകളിൽ നാട്ടിലേക്ക് പണമയക്കുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ബാങ്കുകളിൽ 48.01 ദിർഹം നൽകിയാൽ 1000 രൂപയും എക്‌സ്‌ചേഞ്ചുകളിൽ ഒരു ദിർഹത്തിന് 20.94 രൂപ വരെയും ലഭിച്ചു.
2020 ഏപ്രിൽ 16ന് 20.84 രൂപ രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ മൂല്യത്തകർച്ച. രാവിലെ ഒരു ദിർഹത്തിന് 20.94 രൂപ വരെ നൽകിയതായും എന്നാൽ ഉച്ചയായപ്പോഴേയ്‌ക്കും ഇത് 20.94 ആയി താഴ്ന്നതായും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.
റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയുടെ റെക്കോർഡ് മൂല്യത്തകർച്ചയ്‌ക്ക് കാരണം. ദിർഹത്തിന് 21 രൂപ വരെയാകുന്ന ദിവസം വിദൂരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഉയർന്ന വിനിമയ നിരക്കാണ് ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങളിൽ ലഭിച്ചത്. ഒരു ഒമാനി റിയാലിന് 199.50 രൂപ വരെ നൽകി. ശമ്പളം ലഭിക്കുന്ന ദിവസങ്ങളിൽ മൂല്യമുയർന്നതും ഗുണകരമായി. 5 റിയാലും 100 ബൈസയും നൽകിയാൽ നാട്ടിലെ ആയിരം രൂപ ലഭിക്കും. 1000 ഒമാനി റിയാലിന് നാട്ടിലെ 199,500 രൂപ ലഭിക്കും.
Comments