ബഹിരാകാശത്ത് പോകാൻ കൊതിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ അതിന്റെ ചെലവുകൾ ഓർക്കുമ്പോൾ പോകാൻ ഒന്ന് മടിക്കും. എന്നാൽ ഇപ്പോഴിതാ നാസയുടെ വെർച്വൽ ഗെസ്റ്റ് പ്രോഗ്രാമിലൂടെ എല്ലാവർക്കും ബഹിരാകാശത്ത് ‘എത്താൻ’ ഒരവസരം. ഇതിനായി പേരുവിവരങ്ങൾ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സാധിക്കും.
രണ്ട് ബഹിരാകാശ ദൗത്യങ്ങളിലായി നമ്മുടെ പേര് ബഹിരാകാശത്ത് എത്തിക്കാനും, രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്ക് വെർച്വലായി പറക്കാനുമുള്ള അവസരമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഓൺലൈനായി ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കാനായി നാസ അവതരിപ്പിച്ചതാണ് വെർച്വൽ ഗെസ്റ്റ് പ്രോഗ്രാം. ആർട്ടിമിസ്1, ക്രൂ4 എന്നീ ദൗത്യങ്ങളിലാണ് ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുക.
ചന്ദ്രനിൽ പോകാൻ സാധിച്ചില്ലെങ്കിലും, അവിടേയ്ക്ക് നമ്മുടെ പേര് അയയ്ക്കാനുള്ള സൗകര്യമാണ് ആർട്ടിമിസ്1 ദൗത്യത്തിലൂടെ നൽകുന്നത്. ആർട്ടിമിസ്1 എന്ന ദൗത്യത്തിന്റെ ആദ്യ പരീക്ഷണപ്പറക്കലിലാണ് രജിസ്റ്റർ ചെയ്തവരുടെ പേര് അടങ്ങിയിട്ടുള്ള പെൻഡ്രൈവ് അയയ്ക്കുക. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെയും ഓറിയോൺ ബഹിരാകാശ പേടകത്തിന്റെയും നവീകരിച്ച കെന്നഡി ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെയും സംയുക്തമായ ആദ്യ പരീക്ഷണപ്പറക്കലാണ് ആർട്ടിമിസ്1. ലോകത്തിലെ തന്നെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഉപയോഗിച്ചാണ് ഇത് വിക്ഷേപിക്കുന്നത്. ഭൂമിയിൽ നിന്ന് 2,80,000 മൈൽ അകലെ വരെ ഇതെത്തും.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്ക് മൂന്ന് നാസ ഗവേഷകരെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഒരു ഗവേഷകനെയും എത്തിക്കുന്ന ദൗത്യമാണ് ക്രൂസ്4. സ്പേസ് എക്സുമായി സഹകരിച്ചാണ് നാസ ഈ ദൗത്യം നടത്തുന്നത്. സ്പേസ് എക്സിന്റെ ഫാൽക്കൺ9 റോക്കറ്റിൽ ഡ്രാഗൺ പേടകം ഉപയോഗിച്ചാണ് മനുഷ്യരെ ബഹിരാകാശ നിലയത്തിലെത്തിക്കുന്നത്.
Comments