ഹൈദരാബാദ്: ഹൈദരാബാദിലെ തന്റെ വീട്ടില്‍ കയറിയ കള്ളനെ അമേരിക്കയിലിരുന്ന് ഗൃഹനാഥന് പിടികൂടി. വീടിനുള്ളിലും പരിസര പ്രദേശങ്ങളിലുമായി സ്ഥാപിച്ച അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് വീടിനുള്ളില്‍ കയറിയ കള്ളനെ പിടികൂടിയത്. ഹൈദരാബാദ് പോലീസ് സ്റ്റേഷന് പരിധിയില്‍ കുക്കാട്ടുപള്ളി ഹൗസിങ് കോളനിയിലെ അടച്ചിട്ട വീട്ടിലാണ് കള്ളന് മോഷണത്തിനായി എത്തിയത്.
വീടിന്റെ ഉടമ ജോലി ആവശ്യങ്ങളുടെ ഭാഗമായി അമേരിക്കയിലാണുള്ളത്. വീടിന് സമീപം ആളനക്കമുണ്ടായാല്‍ പ്രത്യേകം അലര്‍ട്ട് നല്കുന്ന അത്യാധുനിക സിസിടിവി ക്യാമറകളാണ് വീടിനുള്ളില്‍ സ്ഥാപിച്ചിരുന്നത്. കള്ളന് വീടിനുള്ളില്‍ കയറിയ ഉടനെ തന്നെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, സന്ദേശം ഗൃഹനാഥന് ലഭിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ കണ്ട ഉടമ ഈ വിവരം ഉടനെ തന്നെ പോലീസിനേയും അയല്‍വാസികളേയും അറിയിച്ചു.
A burglar broke into a house at Kukatpally in Hyderabad. The owner who was in the US noticed it on the CCTV visuals in his house. He alerted the police who rushed to the house and arrested the burglar. pic.twitter.com/8R00Pe2LoZ
— Qadri Syed Rizwan (@Qadrisyedrizwan) March 10, 2022
വിവരമറിഞ്ഞ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഉടനെ തന്നെ ഇവിടെയെത്തി. വീടിന്റെ വാതില്‍ മുട്ടിയെങ്കിലും ആരും തുറന്നില്ല. തുടര്‍ന്ന് പോലീസുകാര്‍ ജനല്‍ വഴി അകത്ത് കയറി പരിശോധിച്ചു. പണവും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടു പോകാന്‍ പാകത്തിന് ഒരുക്കി വച്ചിരിക്കുന്നതായി കണ്ടെത്തി. കള്ളന് പുറത്തേക്ക് പോയിട്ടില്ലെന്നും പോലീസുകാര്‍ക്ക് വ്യക്തമായി. കീഴടങ്ങിയില്ലെങ്കില്‍ വെടിവച്ച് വീഴ്ത്തുമെന്ന സന്ദേശം ലഭിച്ചതോടെ കള്ളന് കട്ടിലിന് അടിയില്‍ നിന്ന് പുറത്ത് വരികയായിരുന്നു. അടച്ചിട്ട വീടുകളില്‍ മാത്രം കവര്‍ച്ച നടത്തി കുപ്രസിദ്ധനായ ടി.രാമകൃഷ്ണന് എന്ന കള്ളനാണ് പിടിയിലായത്.
Comments