തിരുവനന്തപുരം : തിരുവല്ലത്ത് കസ്റ്റഡിയിലിരിക്കേ പ്രതി മരിച്ച സംഭവത്തിൽ പോലീസിന്റെ വാദം പൊളിയുന്നു. സുരേഷിനെ മർദ്ദിച്ചിട്ടില്ലെന്ന വാദം കളവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിലെ ചതവുകൾ ഹൃദ്രോഗ സാദ്ധ്യത വർദ്ധിപ്പിച്ചിരിക്കാമെന്ന് ഡോക്ടർമാർ. മരണകാരണം ഹൃദയാഘാതം ആണെങ്കിലും ചതവുകളിൽ അന്വേഷണം വേണമെന്ന് ഡോക്ടർമാർ പോലീസിനെ അറിയിച്ചു
കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ചത് ഹൃദയാഘാതം കാരണമാണെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാൽ മരണപ്പെട്ട സുരേഷിന്റെ ശരീരത്തിൽ 12 ചതവുകളുണ്ടെന്നും മരണത്തിന് കാരണമായ ഹൃദയാഘാതത്തിന് ഇത് ആക്കം കൂട്ടിയേക്കാമെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എങ്ങനെയാണ് ചതവുകൾ സംഭവിച്ചതെന്നത് റിപ്പോർട്ടിലില്ല. തിരുവല്ലം സ്റ്റേഷനിൽ സുരേഷിനെ കൊണ്ടു വരുമ്പോൾ തന്നെ പോലീസുകാർ മർദ്ദിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. സുരേഷിനൊപ്പം പിടിയിലായ നാലുപേരുടെ മൊഴിയും സ്റ്റേഷനു മുന്നിലെ സിസിടിവി ദൃശ്യങ്ങളും നിർണായകമാണ്.
മരണകാരണം ഹൃദയാഘാതം എങ്കിലും ചതവുകളിൽ അന്വേഷണം വേണമെന്ന് ഡോക്ടർമാർ പോലീസിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ക്രൈംഞ്ച്രാഞ്ചിനാണ് നിലവിൽ അന്വേഷണ ചുമതല. പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജൻമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണം നടത്തും. ക്രൂര മർദ്ദനമേറ്റാണ് സുരേഷ് മരിച്ചതെന്ന ആരോപണവുമായി സഹോദരൻ സുഭാഷ് രംഗത്തെത്തിയിട്ടുണ്ട്. ശരീരമാസകലം മർദ്ദനമേറ്റ പാടുകളാണെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും സഹോദരൻ വ്യക്തമാക്കി.
Comments