തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്.ലോ കോളേജിലെ എസ്എഫ്‌ഐ-കെഎസ് യു പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ ചൊല്ലിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ വാക് പോര് നടന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്‌ഐ കെഎസ് യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ഉൾപ്പടെ ഉള്ളവർക്ക് ക്രൂരമായി മർദ്ദനമേറ്റിരുന്നു.സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമസഭയിൽ വാക് പോര് നടന്നത്.
പ്രതിപക്ഷ നേതാവ് കെഎസ് യു പ്രവർത്തകരെ പോലെ ഉറഞ്ഞുതുള്ളുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഉത്തരവ് കൊടുത്തിരുന്ന പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരം താഴരുതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കെഎസ് യു,യൂത്ത് കോൺഗ്രസ് നേതാവിന്റെ നിലവാരത്തിലേക്ക് പ്രതിപക്ഷ നേതാവ് താഴ്ന്നുവെന്നും പിൻനിരയിലിരിക്കുന്നവരെ പോലെയാകരുത് പ്രതിപക്ഷ നേതാവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പിൻ നിരയിലിരിക്കുന്നവർ ഓട് പൊളിച്ച് വന്നവരല്ലെന്നും അവരെയും ജനങ്ങൾ തിരഞ്ഞെടുത്തതാണെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. പിൻനിരയിലിരിക്കുന്നവരുടെ അതേ നിലവാരം തന്നെയാണ് തനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംജി സർവ്വകശാല കാമ്പസിൽ എഐഎസ്എഫ് പ്രവർത്തകയെ എസ്എഫ്‌ഐ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റു ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് അരോപിച്ചു. പെൺകുട്ടികളെ കാമ്പസിൽ പഠിക്കാൻ വിടാൻ സാധിക്കാത്ത സാഹചര്യമാണ് കേരളത്തിലെ കാമ്പസുകളിൽ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എഫ്‌ഐ പ്രവർത്തകരേയും ഗുണ്ടകളെയും കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമാണെന്നും ഇതിന് പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള കേരളത്തിന്റെ മുഖ്യമന്ത്രി സി.പി.എമ്മുമായി ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനയെ ഇതു പോലെ അഴിഞ്ഞാടാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രിയ്‌ക്ക് നിയമസഭയിൽ വന്ന് പ്രതിക്കൂട്ടിൽ നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നെങ്കിലും അവരെ ഉപദേശിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Comments