ന്യൂഡൽഹി ; വിവാഹത്തിനും അതിന് മുൻപും പ്രതിശ്രുത വധുവിന് വരൻ സമ്മാനങ്ങൾ വാങ്ങി നൽകുക പതിവാണ്. തിരിച്ച് വധുവും ഇത്തരം സമ്മാനങ്ങൾ നൽകും. മോതിരമോ മാലയോ കമ്മലോ അല്ലെങ്കിൽ വസ്ത്രമോ മറ്റോ ആണ് സാധാരണ നൽകാറുളളത്. ഏറി പോയാൽ വധുവിന്റെ പേരിൽ വീടോ സ്ഥലമോ വാങ്ങും. എന്നാൽ ഇതിലും വേറിട്ട് നിൽക്കുകയാണ് ഗുജറാത്തിലെ വഡോദര സ്വദേശിയായ ഒരു വ്യവസായി.
എല്ലാവരിൽ നിന്നും വ്യത്യസ്തമായി ചന്ദ്രനിലാണ് തന്റെ പ്രതിശ്രുത വധുവിന് അദ്ദേഹം സ്ഥലം വാങ്ങി നൽകിയത്. വിവാഹം കഴിക്കാൻ പോകുന്ന ഹെമാലിക്ക് വേണ്ടി 25 കാരനായ മയൂർ പട്ടേൽ ഒരേക്കർ സ്ഥലമാണ് ചന്ദ്രനിൽ വാങ്ങിയത്. ഹെമാലിയുടെ പേരിൽ തന്നെയാണ് ഈ സ്വത്ത് വാങ്ങിയിരിക്കുന്നത്. രണ്ടര വർഷത്തെ പ്രണയ ബന്ധത്തിന് ശേഷം കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്.
സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന ഡിജിറ്റൽ രേഖകൾ ഇവരുടെ കയ്യിൽ ഉണ്ടെങ്കിലും 1967 ലെ ദി ഔട്ടർ സ്പേസ് ട്രീറ്റി പ്രകാരം ഒരാൾക്ക് ചന്ദ്രനിൽ ഭൂമി സ്വന്തമാക്കാൻ സാധിക്കില്ല. എന്തായാലും ചന്ദ്രനിൽ ഭൂമി വാങ്ങിയതോടെ പ്രതിശ്രുത വധുവിന് സന്തോഷമായി.
Comments