ദുബായ് : അബുദാബിയിൽ വാക്സിനെടുക്കാത്തവർക്കും ഇനി പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാം. എന്നാൽ 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി.സി.ആർ ഫലം വേണമെന്ന നിബന്ധനയിൽ മാറ്റമില്ല. അതേസമയം യുഎഇയിൽ കൊറോണ വ്യാപനത്തിൽ വൻ കുറവ് രേഖപ്പെടുത്തി.
അബുദാബി ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇളവ് ഇതിനോടകം പ്രാബല്യത്തിൽ വന്നു. മുൻപ് വാക്സിനേഷൻ എടുത്തവർക്ക് മാത്രമേ അൽ ഹുസ്ൻ ആപ്പിലെ ഗ്രീൻ പാസ് ഉപയോഗിച്ച് ഇവൻറുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സിനിമാശാലകൾ, ജിമ്മുകൾ തുടങ്ങിയ വേദികളിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് സൂപ്പർമാർക്കറ്റുകളിലും ഫാർമസികളിലും മാത്രമേ പ്രവേശിക്കാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ നിർദ്ദേശമാണ് പുതുക്കിയത്.
അതേ സമയം തുടർച്ചയായ പത്താം ദിവസവും കൊറോണ മൂലമുള്ള മരണം രേഖപ്പെടുത്തിയില്ല. രോഗവ്യാപനത്തിൽ വൻ കുറവാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേർക്ക് കൊറോണ ബാധിച്ചതായും 1016 പേർ രോഗമുക്തി നേടിയതായും രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 3 ലക്ഷത്തിലധകം പരിശോധനകൾ നടത്തിയതായും അധികൃതർ അറിയിച്ചു. 29040 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 886684 പേർക്ക് ആകെ രോഗം ബാധിച്ചു.8,55,342 പേർ രോഗമുക്തി നേടുകയും ചെയ്തു.
Comments