കോഴിക്കോട്: മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയെ ഹോസ്റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടിയെന്നാരോപിച്ച് പ്രതിഷേധം. സൗദിയിൽ നിന്നെത്തിയ വിദ്യാർത്ഥി ഉറങ്ങിക്കിടക്കുന്ന സമയത്താണ് ബൂട്ടിട്ട് ചവിട്ടിയതെന്നാണ് ആരോപണം. ഹോസ്റ്റൽ ചീഫ് വാർഡൻ ഡോ.സന്തോഷ് കുര്യാക്കോസാണ് ഇന്ന് പുലർച്ചെ വിദ്യാർത്ഥിയെ ഉപദ്രവിച്ചത്.
പുലർച്ചെ ഡ്യൂട്ടിക്ക് പോകാൻ ആവശ്യപ്പെട്ടായിരുന്നു വാർഡന്റെ അതിക്രമം. സംഭവത്തിൽ ഇയാളെ വാർഡൻ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. സംഭവത്തിൽ പ്രിൻസിപ്പലിനും, വകുപ്പ് മേധാവിയ്ക്കും വിദ്യാർത്ഥികൾ പരാതി നൽകി. ഇയാൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധത്തിലേയ്ക്ക് പോകുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.
ഹോസ്റ്റൽ വിദ്യാർത്ഥികളെ പിന്തുണച്ചുകൊണ്ട് കോളേജ് സ്റ്റുഡന്റ്സ് യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ കോളേജിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല.
Comments