ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ജമ്മുവിൽ നടക്കുന്ന സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ(സിആർപിഎഫ്) 83-ാം റൈസിംഗ് ഡേ പരിപാടിയിൽ പങ്കെടുക്കും. ഇതാദ്യമായാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് സിആർപിഎഫ് റൈസിംഗ് ഡേ ആഘോഷിക്കുന്നത്. ഇന്നലെയാണ് ദ്വിദിന സന്ദർശനത്തിനായി ഷാ ജമ്മുവിലെത്തിയത്.
ജമ്മുവിൽ എത്തിയ അമിത് ഷായെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്വീകരിച്ചു. ഇന്നലെ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും, മറ്റ് ഉന്നത് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടാതെ, ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുരക്ഷ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
ജമ്മുവിലെ രാജ്ഭവനിൽ, വീരമൃത്യൂവരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ജോലിയിൽ പ്രവേശിക്കാനുള്ള കത്തും അമിത് ഷാ ഇന്നലെ കൈമാറിയിരുന്നു. അതേസമയം, കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷാ ജമ്മുവിൽ എത്തുന്നത്. നേരത്തെ അഞ്ച് ദിവസം അദ്ദേഹം ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു.
Comments