തൃശൂർ: റോഡുകളിൽ രൂപപ്പെട്ട ‘എൽ’ അടയാളം കണ്ട് പരിഭ്രാന്തിയിലായി നാട്ടുകാർ. തൃശൂർ നഗരത്തിലെ വിവിധ റോഡുകളിലാണ് നാട്ടുകാരെ ആശങ്കയിലാക്കി എൽ അടയാളം രൂപപ്പെട്ടത്. ഒടുവിൽ പോലീസെത്തി വിശദീകരണം നൽകിയതോടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്.
കെ-റെയിലിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമാണോ ഇതെന്നും കള്ളൻമാരോ സാമൂഹ്യ വിരുദ്ധരോ അസമയത്ത് ചെയ്തതാണോയെന്നും നാട്ടുകാർ ഭയന്നിരുന്നു. കാരണം രാത്രിയിലായിരുന്നു എൽ അടയാളങ്ങൾ രേഖപ്പെട്ടത്. ഇത് എങ്ങനെ സംഭവിച്ചുവെന്നും ആരാണ് ചെയ്തതെന്നും അറിയാൻ നാട്ടുകാർ ഒടുവിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. അവർക്കുമറിയില്ലെന്ന് അറിയിച്ചപ്പോൾ നാട്ടുകാരുടെ പരിഭ്രാന്തി വർധിച്ചു. അപ്പോഴാണ് പേടിക്കാനൊന്നുമില്ലെന്ന വിവരം പോലീസിൽ നിന്നും ലഭിച്ചത്.
ഡ്രോൺ സർവേയുടെ ഭാഗമായാണ് അടയാളം രേഖപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഡ്രോൺ കാമറയിൽ തെളിയാൻ വേണ്ടിയാണ് ഇത് അടയാളപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. ഇതോടെ നാട്ടുകാർക്കിടയിൽ രൂപപ്പെട്ട വലിയ ആശങ്കയ്ക്കാണ് വിരാമമായത്.
Comments