ബംഗളൂരു : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വെല്ലുവിളിച്ച് കർണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ. തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് വേണമെങ്കിലും തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചോട്ടെ കോൺഗ്രസ് എന്തിനും തയ്യാറാണെന്ന് ഡികെ ശിവകുമാർ പറഞ്ഞു.
തിരഞ്ഞെടുപ്പ് നാളെയോ, മറ്റന്നാളോ പ്രഖ്യാപിച്ചാലും കോൺഗ്രസിന് പ്രശ്നമില്ല. നവംബർ 27 ന് പ്രഖ്യാപിച്ചാലും പ്രശ്നമില്ല. കോൺഗ്രസ് എപ്പോഴും തയ്യാറായിരിക്കുകയാണെന്ന് ശിവകുമാർ പറഞ്ഞു. വരുന്ന നവംബറിൽ കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
അതേസമയം തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കർണാടകയിൽ എത്തും. മാർച്ച് 31 നാണ് രാഹുലിന്റെ സന്ദർശനം. രാഹുലുമായി തുമകുരു ജില്ലയിലെ സിദ്ധഗംഗമാത ക്ഷേത്രത്തിൽ ദർശനം നടത്തുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ശിവകുമാര സ്വാമിജിയുട 115 ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് രാഹുൽ ആദരവർപ്പിക്കും.
തുടർന്ന് അടുത്ത ദിവസം തന്നെ സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ബിജെപി സർക്കാരിനെ താഴെയിറക്കാനുള്ള നിർണായക നീക്കങ്ങൾ യോഗത്തിൽ തീരുമാനിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി. സൂം മീറ്റിംഗിലൂടെയാകും രാഹുൽ ഗാന്ധി പ്രവർത്തകരുമായി സംസാരിക്കുക. യൂത്ത് കോൺഗ്രസ് മഹിള കോൺഗ്രസ്, എൻഎസ്യുഐ, സേവാദൾ ഉൾപ്പെടെയുള്ള സംഘടനകളുമായും രാഹുൽ ചർച്ച നടത്തും.
Comments