പട്ന: അജ്ഞാതരുടെ വെടിയേറ്റ് വ്യവസായി കൊല്ലപ്പെട്ടു. പ്രമോദ് ബഗ്ലയാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ വ്യവസായിയുടെ മകന് പരിക്കേറ്റു. ഇന്ന് വൈകിട്ടോടെയാണ് അഞ്ചംഗ സംഘം പ്രമോദ് ബഗ്ലയുടെ നേർക്ക് വെടിയുതിർത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
‘മയക്കുമരുന്നിന് അടിമകളെന്ന് കരുതപ്പെടുന്ന രണ്ട് യുവാക്കൾ ഇന്ന് രാവിലെ പത്ത് മണിയോടെ ബഗ്ലയുടെ ഫാക്ടറിയിൽ പോയിരുന്നു. മയക്കുമരുന്ന് വാങ്ങാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഫാക്ടറിയിലെത്തിയത്. ബഗ്ലയുടെ മകൻ ഇവർക്ക് 100 രൂപ നൽകിയെങ്കിലും, അവർ കൂടുതൽ പണം ആവശ്യപ്പെട്ടു. ബഗ്ല ഇവരുടെ ആവശ്യത്തെ എതിർക്കുകയും പണം നൽകില്ലെന്ന പറയുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്താലാണ് അക്രമികൾ ബഗ്ലയ്ക്കും മകനും നേർക്ക് വെടിയുതിർത്തത്’ പട്ന സീനിയർ പോലീസ് സൂപ്രണ്ട് പറയുന്നു.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബഗ്ലയുടെ മകൻ ഗോലുവിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ബഗ്ലയുടെ മൃതദേഹം നളന്ദ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും പോലീസ് അറിയിച്ചു.
Comments