ചൈനയിൽ ഒരേ സമയം ആറ് പേരെ പ്രണയിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് പണവും വിലകൂടിയ സമ്മാനങ്ങളും ഇവർ തട്ടിയെടുക്കുകയും ചെയ്തിരുന്നു. മാവോ എന്ന 42കാരിയാണ് അറസ്റ്റിലായത്. കാമുകന്മാരിൽ ഒരാളാണ് ഇവരുടെ തട്ടിപ്പ് കണ്ടെത്തിയത്. ഇതോടെ ഇയാൾ പരാതി നൽകുകയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഡേറ്റിങ് ആപ്പിലൂടെയാണ് ഇവർ കാമുകന്മാരെ കണ്ടെത്തിയത്. വിവാഹം കഴിക്കാമെന്നും യുവാക്കൾക്ക് വാഗ്ദാനം നൽകി. ഈ പേരും പറഞ്ഞ് ആറ് പേരിൽ നിന്നും ഒരേ സമയം വില കൂടിയ സമ്മാനങ്ങളും പണവും മേടിച്ചുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കാമുകന്മാർക്ക് തമ്മിൽ പരസ്പരം അറിയാതിരുന്നതാണ് മാവോയ്ക്ക് ഇത്രയും നാൾ തട്ടിപ്പ് നടത്താൻ സഹായമായത്. ഓരോരുത്തരേയും വിളിക്കാൻ പ്രത്യേകം സമയവും മാവോ ക്രമീകരിച്ച് വച്ചിട്ടുണ്ടായിരുന്നു. സ്മാർട്ഫോണുകൾ, കമ്പ്യൂട്ടറുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയും പണവും ഇവർ കാമുകന്മാരെ പറ്റിച്ച് സ്വന്തമാക്കിയിട്ടുള്ളതായി കണ്ടെത്തി. കാമുകന്മാരിലൊരാളായ ഇവുവിന് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്ത് കൊണ്ടു വരാൻ സഹായകമായത്.
ഇയാൾ രഹസ്യമായി മാവോയെക്കുറിച്ച് അന്വേഷണം നടത്തി. ആദ്യമെല്ലാം മാവോ വിവാഹക്കാര്യം പറയുമായിരുന്നെങ്കിലും, പിന്നീട് ഒഴിഞ്ഞു മാറാൻ തുടങ്ങിയതാണ് സംശയത്തിന് ഇടയാക്കിയത്. ഇക്കാര്യം പറഞ്ഞ് ഇവുവിൽ നിന്നും മാവോ ധാരാളം പണവും കൈക്കലാക്കിയിരുന്നു. മേടിച്ച പണം മാവോ തിരികെ കൊടുക്കാതെ വന്നതോടെയാണ് പോലീസിൽ പരാതി കൊടുക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു കാമുകനല്ല, ആറ് കാമുകന്മാരുണ്ടെന്ന് വ്യക്തമാകുന്നത്. ആറ് മാസത്തിനിടെ 17 ലക്ഷം രൂപയോളം ഇവർ തട്ടിയെടുത്തിട്ടുണ്ട്. ഈ പണം ഇവർ ചെലവഴിച്ചുവെന്നും പോലീസ് പറയുന്നു.
Comments