ഭോപ്പാൽ : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെയും അധിക്ഷേപിച്ച് പരാമർശം നടത്തുകയും, അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ ഖവാലി ഗായകനെതിരെ കേസ് എടുത്ത് മദ്ധ്യപ്രദേശ് പോലീസ്. ഉത്തർപ്രദേശ് സ്വദേശിയായ നവാസ് ഷെരീഫിനെതിരെയാണ് കേസ് എടുത്തത്. മൻഗവാ സ്വദേശികളായ ചിലർ നൽകിയ പരാതിയിലാണ് പോലീസ് നടപടി.
കഴിഞ്ഞ ദിവസം രേവ ജില്ലയിൽ സംഘടിപ്പിച്ച സംഗീത പരിപാടിയിലായിരുന്നു ഷെരീഫ് ഭീഷണി മുഴക്കിയും അധിക്ഷേപ പരാമർശം നടത്തിയും രംഗത്ത് വന്നത്. ഇന്ത്യയെ തകർക്കുമെന്നും, ഇതിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ പ്രധാനമന്ത്രിയ്‌ക്കോ , അമിത് ഷായ്‌ക്കോ കഴിയില്ലെന്നുമായിരുന്നു ഇയാൾ പറഞ്ഞത്. പ്രധാനമന്ത്രി, അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ ഇയാൾ ഭീഷണിയും മുഴക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് മൻഗവാ സ്വദേശികൾ പോലീസിനെ സമീപിച്ചത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 298, 505 എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി.
Comments