മുംബൈ : ദി കശ്മീർ ഫയൽസിലെ അഭിനയം പിതാവിന് വേണ്ടി സമർപ്പിക്കുകയാണെന്ന് നടൻ അനുപം ഖേർ. സമൂഹമാദ്ധ്യമമായ കൂ വിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയിലെ അദ്ദേഹം ചെയ്ത കഥാപാത്രം ജനമനസുകളിൽ ഇടം നേടുകയും, അഭിനയത്തെ പ്രശംസിച്ച് രാഷ്ട്രീയ നേതാക്കൾ അടക്കം നിരവധി പേർ രംഗത്ത് വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം.
പിതാവിനൊപ്പം അവസാനമായി എടുത്ത ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹം അഭിനയം സമർപ്പിക്കുകയാണെന്ന് പറഞ്ഞത്. ഇത് തന്റെ പിതാവുമൊത്തുള്ള അവസാന ചിത്രമാണ്. ഭൂമിയിലെ തന്നെ അലിവുള്ള മനസ്സിനുടമ. എല്ലാവരുടെയും ജീവിതം അലിവുകൊണ്ട് തൊട്ടറിഞ്ഞയാൾ. ഒരു സാധാരണ മനുഷ്യൻ, എന്നാൽ അസാധാരണ കഴിവുകളുള്ള പിതാവാണ്. കശ്മീരിലേക്ക് പോകാൻ അദ്ദേഹം വളരെയേറെ ആഗ്രഹിച്ചു. എന്നാൽ കഴിഞ്ഞില്ല. കശ്മീർ ഫയൽസിലെ അഭിനയം അദ്ദേഹത്തിനായി സമർപ്പിക്കുകയാണ്- അനുപംഖേർ കൂവിൽ കുറിച്ചു.
വിവേക് അഗ്നി ഹോത്രി ചിത്രത്തിൽ കശ്മീരി പണ്ഡിറ്റ് ആയാണ് അനുപം ഖേർ എത്തുന്നത്. പുഷ്കർ നാഥ് പണ്ഡിറ്റ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിക്കുന്നത്.
Comments