അയോദ്ധ്യ: അയോദ്ധ്യയില്‍ ക്ഷേത്രങ്ങളില്‍ നിന്നും മറ്റ് ആരാധനാലയങ്ങളില്‍ നിന്നും വാണിജ്യനികുതി പിരിയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് യോഗി ആദിത്യനാഥ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. വാണിജ്യ നികുതിക്ക് പകരം ടോക്കണ്‍ പണം വാങ്ങാമെന്നും അറിയിച്ചിട്ടുണ്ട്. രണ്ടാം വട്ടവും മുഖ്യമന്ത്രിയായ ശേഷം അയോദ്ധ്യ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷം അദ്ദേഹം ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മാണസ്ഥലവും സന്ദര്‍ശിച്ചു. ഈ സമയമാണ് ക്ഷേത്രങ്ങളില്‍ നിന്നും മറ്റ് ആരാധനാലയങ്ങളില്‍ നിന്നും വാണിജ്യ നികുതി എടുക്കരുതെന്ന് അയോദ്ധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് അദ്ദേഹം ആവശ്യപ്പെട്ടത്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഇത് പരിഗണിച്ചാണ് ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, ധര്‍മ്മശാലകള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വീട്ടുനികുതി, ജലനികുതി, മറ്റ് നികുതികള്‍ എന്നിവ ഈടാക്കേണ്ടതില്ലെന്ന് യോഗി ആദിത്യനാഥ് അറിയിച്ചത്.
എന്നാല്‍ മുനിസിപ്പല്‍ കോര്പ്പറേഷന് പരിധിയിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് ടോക്കണ്‍ സംഭാവനയായി പണം സ്വീകരിക്കാം. ഇതിന് തടസ്സമില്ല. ഇതിനായി മുനിസിപ്പല്‍ കോര്പ്പറേഷന് നിര്‍ദ്ദേശം തയ്യാറാക്കി നല്‍കണമെന്നും, സര്‍ക്കാരിന്റെ അംഗീകാരം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ മഹാമാരിയുടെ രണ്ട് വര്‍ഷത്തിന് ശേഷം ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന രാമനവമി ഉത്സവത്തിന്റെ മുന്നൊരുക്കങ്ങളും അദ്ദേഹം വിലയിരുത്തി. 10 ലക്ഷത്തോളം പേര് ഈ ഉത്സവ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇതിന് പുറമെ അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ടതിന് ശേഷം ആദ്യമായാണ് ഇവിടെ രാമനവമി ആഘോഷിക്കുന്നത്.
Comments