അമരാവതി: സ്ത്രീകൾക്ക് സുരക്ഷിതമായ പൊതുഗതാഗത സംവിധാനം ലഭ്യമാക്കുന്നതിനായി ആന്ധപ്രദേശിൽ ആദ്യമായി ‘ഷീ ഓട്ടോ സ്റ്റാൻഡ്’ സ്ഥാപിച്ച് തിരുപ്പതി പോലീസ്. ഓട്ടോ സ്റ്റാൻഡ് നിയന്ത്രിക്കുന്നതും, ഓട്ടോ ഓടിക്കുന്നതും സ്ത്രീകൾ മാത്രമായിരിക്കും.
ആർടിസി ബസ് സ്റ്റാൻഡ്, മഹിളാ യൂണിവേഴ്സിറ്റി, റൂയ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഷീ ഓട്ടോ സ്റ്റാൻഡിന്റെ ഉദ്ഘാടനം ഭൂമന കരുണാകർ റെഡ്ഡി എംഎൽഎയും സിറ്റി മേയർ ഡോ.ആർ.ശിരീഷയും അർബൻ പോലീസ് സൂപ്രണ്ട് വെങ്കട അപ്പല നായിഡുവും ചേർന്ന് നിർവഹിച്ചു. വനിതാ ഓട്ടോ ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പ് വരുത്താനും പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും പോലീസ് അറിയിച്ചു.
സ്ത്രീകൾക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുക എന്നതാണ് ഷീ ഓട്ടോ സ്റ്റാൻഡിന് പിന്നിലെ ലക്ഷ്യം. സ്ത്രീകൾക്കായി പ്രത്യേക ഓട്ടോ സ്റ്റാൻഡുകൾ സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്രദേശമാണ് തിരുപ്പതി. ഈ നടപടിയിലൂടെ സ്ത്രീകൾക്ക് സമൂഹത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്ന് തെളിയിച്ചുവെന്നും എംഎൽഎ റെഡ്ഡി പറഞ്ഞു.
വനിതാ ഡ്രൈവർമാർക്ക് വാഹനമോടിക്കുന്നതിൽ ഉന്നത നിലവാരമുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും, സ്ത്രീകൾ ഓടിക്കുന്ന ഓട്ടോകൾ ഉൾപ്പെടുന്ന അപകടങ്ങൾ വളരെ അപൂർവമാണെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Comments