കോഴിക്കോട്: ലീഗ്-എസ്ഡിപിഐ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ. തിരുവോത്ത് മുഹമ്മദ് ഹാഫിസ്, പുതുപ്പണം റിൻഷാദ് എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 29നാണ് ലീഗ്-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
വടകര പുതുപ്പണം കറുകയിൽവെച്ചാണ് സംഘർഷമുണ്ടായത്. കൊടിമരം പിഴുതെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ലീഗ്, എസ്ഡിപിഐ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരു പാർട്ടിയിലും ഉൾപ്പെട്ട 27 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കേസിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് ലീഗ് പ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് വടകര ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തിയിരുന്നു. യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടി ഏകപക്ഷീയമാണെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് കേസിൽ ഉൾപ്പെട്ട രണ്ട് എസ്ഡിപിഐ പ്രവർത്തകർ പിടിയിലായത്.
Comments