ന്യൂഡൽഹി: കുറഞ്ഞ മുതൽ മുടക്കിൽ ജനങ്ങൾക്ക് ബിസിനസ് ആരംഭിക്കാൻ അവസരം നൽകി ഇന്ത്യൻ പോസ്റ്റ് ഓഫീസ്. ഇതിനായി ലക്ഷങ്ങളൊന്നും വേണ്ട, വെറും 5000 രൂപയ്ക്ക് പോസ്റ്റ് ഓഫീസിന്റെ ഫ്രാഞ്ചൈസി തുടങ്ങാം. ചുരുക്കി പറഞ്ഞാൽ ഒരു പോസ്റ്റ് ഓഫീസ് തുറന്ന് നിങ്ങൾക്ക് വരുമാനമുണ്ടാക്കാം. ഫ്രാഞ്ചൈസി എടുക്കുന്നതിലൂടെ എല്ലാ വർഷവും ലക്ഷങ്ങൾ വരെ സമ്പാദിക്കാം എന്നതാണ് പ്രത്യേകത.
പോസ്റ്റൽ ഫ്രാഞ്ചൈസി എന്നാൽ?
ഇന്ത്യൻ പോസ്റ്റ് ഓഫീസുകളില്ലാത്ത സ്ഥലങ്ങളിൽ പോസ്റ്റൽ സേവനം നടപ്പാക്കാനാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ലക്ഷ്യം വെയ്ക്കുന്നത്. രണ്ട് തരം ഫ്രാഞ്ചൈസികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് ഫ്രാഞ്ചൈസി ഔട്ട്ലെറ്റും രണ്ടാമത്തേത് തപാൽ ഏജന്റുമാരുടെ ഫ്രാഞ്ചൈസിയും. അത് തരം ഫ്രാഞ്ചൈസി വേണം എന്നത് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.
ഗ്രാമ-നഗര പ്രദേശങ്ങളിലുള്ള വീടുകളിൽ തപാൽ സ്റ്റാമ്പുകൾ അടക്കമുള്ള സ്റ്റേഷനറി സാധനങ്ങൾ എന്നിവ വീടുതോറും എത്തിക്കുന്ന ഏജന്റുമാരാണ് തപാൽ ഏജന്റുമാർ. ഒരു ഫ്രാഞ്ചൈസി ലഭിക്കാൻ ചെലവ് 5000 രൂപ മാത്രമാണ്. ഫ്രാഞ്ചൈസി ലഭിച്ചതിന് ശേഷം വരുമാനം ലഭിക്കുക കമ്മീഷൻ വഴിയുമായിരിക്കും.
ആർക്കൊക്കെ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കാം?
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയ്ക്കും പോസ്റ്റൽ ഫ്രാഞ്ചൈസിക്കും നിക്ഷേപം 5000 രൂപയാണ്. 18 വയസിന് മുകളിൽ പ്രായമുള്ള ആർക്കും ഫ്രാഞ്ചൈസി എടുക്കാം. പക്ഷെ ഇന്ത്യൻ പൗരത്വം നിർബന്ധമാണ്. കൂടാതെ സർക്കാർ അംഗീകൃത സ്കൂളിൽ കുറഞ്ഞത് എട്ടാം ക്ലാസ് എങ്കിലും പാസായിരിക്കണം.
എങ്ങെ അപേക്ഷിക്കാം?
ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഫോം പൂരിപ്പിച്ച് സമർപ്പിക്കുക എന്നതാണ്. അപേക്ഷാ ഫോം അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നോ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്തെടുക്കാം. അപേക്ഷയോടൊപ്പം അനുബന്ധ രേഖകളും അപ്ലോഡ് ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവർ ഇന്ത്യ പോസ്റ്റുമായി ഒരു ധാരണാപത്രം ഒപ്പിടണം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്കീമിനായുള്ള അന്തിമ തിരഞ്ഞെടുപ്പ്, ഫോം സമർപ്പിച്ച തീയതി മുതൽ 14 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഡിവിഷണൽ ഹെഡ് നടത്തുന്നതാണ്.
കമ്മീഷൻ
പോസ്റ്റ് ഓഫീസ് വഴി നടക്കുന്ന ഓരോ ഇടപാടിനും കമ്മീഷൻ ലഭിക്കും. രജിസ്ട്രേഡ് അയക്കുന്നതിന് മൂന്ന് രൂപ, സ്പീഡ് പോസ്റ്റിന് അഞ്ച് രൂപ, 100 രൂപ മുതൽ 200 വരെയുള്ള മണി ഓഡറുകൾത്ത് 3.50 രൂപ, 200 രൂപയ്ക്ക് മുകളിലുള്ള മണി ഓഡറിന് അഞ്ച് രൂപ, ഒരുമാസം ആയിരം ഇടപാടുകൾക്ക് മുകളിൽ നടന്നാൽ 20 ശതമാനം അധിക കമ്മീഷൻ, സ്റ്റാമ്പ്, സ്റ്റേഷനറി, മണി ഓഡർ ഫോമുകൾ എന്നിവ വിറ്റ തുകയുടെ അഞ്ച് ശതമാനം.റവന്യൂ സ്റ്റാമ്പുകൾ, സെൻട്രൽ റിക്രൂട്ട്മെന്റ് ഫീസ് സ്റ്റാമ്പുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള റീട്ടെയിൽ സേവനങ്ങളിൽ പോസ്റ്റൽ വകുപ്പ് വരുമാനത്തിന്റെ 40ശതമാനമാണ് നൽകുന്നത്.
Comments