കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് കണ്ണൂരിലേയ്ക്ക് തിരിക്കും. നാളെയാണ് പാർട്ടി കോൺഗ്രസ് സെമിനാർ. അതേസമയം, സെമിനാറിൽ പങ്കെടുത്താൽ കെ.വി തോമസിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി എടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിൽ പങ്കെടുക്കാനാണ് കെ.വി തോമസിനെ സിപിഎം ക്ഷണിച്ചത്. എന്നാൽ, സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന കോൺഗ്രസ് നിലപാട് ലംഘിച്ചാണ് കെ.വി തോമസ് തന്റെ തീരുമാനം അറിയിച്ചത്. ഇന്നലെയാണ് ഇത് സംബന്ധിച്ച തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്.
പാർട്ടിയുടെ നിലപാട് ലംഘിച്ചതിനാലും, പാർട്ടിയെ വിമർശിച്ചതിനാലുമാണ് കെ.വി തോമസിനെതിരെ അച്ചടക്ക നടപടിയ്ക്കൊരുങ്ങുന്നത്. അച്ചടക്കം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും, സെമിനാറിൽ പങ്കെടുത്താൽ അദ്ദേഹം ഉറപ്പായും നടപടി നേരിടേണ്ടി വരുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മുന്നറിയിപ്പ് നൽകി.
കൂടാതെ, കെ.വി തോമസിനെതിരായ നടപടി കെപിസിസിയ്ക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി തീരുമാനം എന്തുതന്നെയാണെങ്കിലും അത് അംഗീകരിക്കുമെന്നും ഹൈക്കമാൻഡ് അറിയിച്ചു.
Comments