ന്യൂഡൽഹി: അധികാരത്തോടെ തനിക്ക് ഒരിക്കൽ പോലും ഭ്രമം തോന്നിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരത്തിന് പകരം താൻ ഈ രാജ്യത്തെ മനസിലാക്കാനാണ് ശ്രമിച്ചതെന്നും മറ്റ് രാഷ്ട്രീയക്കാരെ പോലെ അധികാരം തന്നെ ഒരിക്കലും ആകർഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിൽ വെച്ച് നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
അധികാരത്തിനു വേണ്ടി നിരന്തരം പ്രയത്നിക്കുന്ന രാഷ്ട്രീക്കാരുണ്ട്. രാവിലെ ഉറക്കമുണരുന്നതു മുതൽ എങ്ങനെ കൂടുതൽ അധികാരം നേടാം എന്നവർ ചിന്തിക്കുന്നു, രാത്രി ഉറങ്ങുന്നതിനു മുമ്പും അവരുടെ ആലോചന അതു തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ രാജ്യം മുഴുവൻ ഇത്തരക്കാരാണ്. അധികാരത്തിന്റ നടുക്കാണ് താൻ ജനിച്ചത്. പക്ഷേ, സത്യസന്ധമായി പറഞ്ഞാൽ തനിക്കതിനോട് യാതൊരു താൽപര്യവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രാജ്യത്തെ മനസ്സിലാക്കാനും സ്നേഹിക്കാനുമാണ് താൻ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘ഒരു കാമുകൻ താൻ സ്നേഹിക്കുന്നയാളെ കുറിച്ച് അറിയാനാണ് ശ്രമിക്കുക, എനിക്കും ഈ രാജ്യത്തെ അറിയണമായിരുന്നു. ഈ രാജ്യത്തു നിന്നും ഒരുപാട് സ്നേഹം എനിക്ക് ലഭിച്ചിട്ടുണ്ട്, വെറുപ്പും ലഭിച്ചു. ലഭിച്ച ഓരോ വെറുപ്പിൽ നിന്നും പുതിയ എന്തെങ്കിലും ഞാൻ പഠിച്ചിട്ടുണ്ട്’. രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Comments