കോഴിക്കോട് : കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ നിന്നും ഒഴിപ്പിച്ച കടകൾ പൊളിച്ച് നീക്കുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് പോലീസ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. കച്ചവടക്കാർക്ക് യാതൊരു മുന്നറിയിപ്പും നൽകാതെയായിരുന്നു പോലീസ് നടപടി. ഇതിന് പിന്നാലെയാണ് പൊളിച്ച് നീക്കൽ. വൻ സുരക്ഷയോടെയാണ് പോലീസ് നടപടി.
കെട്ടിടം മൊത്തമായി അലിഫ് ബിൽഡേഴ്സ് വാടകയ്ക്ക് എടുക്കുന്നതിന് മുൻപ് സ്റ്റാന്റിൽ കച്ചവടം നടത്തിയിരുന്നവരെയാണ് ഒഴിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് കടയുടമകൾ കുത്തിയിരിപ്പ് സമരം നടത്തിയെങ്കിലും പോലീസ് അതൊന്നും കൂട്ടാക്കിയില്ല.
കെഎസ്ആർടിസി ബസ്റ്റാൻഡിലെ കടകൾ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി കഴിഞ്ഞ ദിവസം കോടതി തീർപ്പാക്കിയിരുന്നു. ഉത്തരവിന്റെ പകർപ്പ് അടുത്ത ദിവസം ലഭിക്കാനിരിക്കെ പോലീസ് നേരത്തെയെത്തി കടകളൊഴിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. അറ്റകുറ്റപണികൾ നടത്തിയ ശേഷം വീണ്ടും കടകൾ തുറക്കാം എന്ന നിലപാടാണ് കെടിഡിഎഫ്സി സ്വീകരിക്കുന്നത്.
Comments