ന്യൂഡൽഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. വൈകിട്ടാണ് മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
യുപിയുടെ പുരോഗതിക്ക് വേണ്ടുന്ന ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്തതായി കൂടിക്കാഴ്ചയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. പൊതുജനങ്ങളോടും രാജ്യത്തോടുമുളള യോഗി ആദിത്യനാഥിന്റെ ഉറച്ച താൽപര്യം യുപിക്ക് വികസനത്തിന്റെ മറ്റൊരു ദിശാബോധം നൽകുമെന്നും പ്രധാനമന്ത്രി കുറിച്ചു.
പുതിയ ഇന്ത്യയുടെ ശിൽപിയെന്നാണ് പ്രധാനമന്ത്രിയെ യോഗി ആദിത്യനാഥ് ട്വിറ്ററിൽ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശങ്ങൾ എപ്പോഴും പോസിറ്റീവ് എനർജിയാണ് നിറയ്ക്കുന്നതെന്നും യോഗി കുറിച്ചു.
വിലപ്പെട്ട സമയം കൂടിക്കാഴ്ചയ്ക്കായി മാറ്റിവെച്ചതിന് പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ ഉൾപ്പെടെ കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം.
Comments