വയനാട്: ഒരു കുടുംബത്തിലെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ചു. വയനാട് കാക്കവയലിലാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ നിന്നും നാല് വയസുള്ള ഒരു കുഞ്ഞ് മാത്രമാണ് രക്ഷപ്പെട്ടത്. നീലഗിരി സ്വദേശിയും കുഞ്ഞിന്റെ അച്ഛനുമായ പ്രവീഷ്, കുഞ്ഞിന്റെ അമ്മ ശ്രീജിഷ, മുത്തശ്ശി പ്രേമലത എന്നിവർ അപകടത്തിൽ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
കൽപ്പറ്റയിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങി വരികയായിരുന്നു കുടുംബം. വീട്ടിലേക്കുള്ള വഴിമദ്ധ്യേ കാക്കവയലിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിരുന്നു. പ്രവീഷാണ് കാറോടിച്ചിരുന്നത്. സംഭവസ്ഥലത്ത് തന്നെ ഇയാൾ മരിച്ചു. ഭാര്യയും അമ്മയും ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയാണ് മരിച്ചത്. നാല് വയസുള്ള മകൻ ആരവ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണുള്ളത്. കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
Comments