തിരുവനന്തപുരം: തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, ഇടുക്കി ,വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.മറ്റെന്നാൾ പത്തനംതിട്ട, ഇടുക്കിഎന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
തെക്കൻ തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാതചുഴിയുടെ സ്വാധീനം നിലനിൽക്കുന്നതിനാൽ കേരളത്തിൽ വ്യാപകമായി മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനൽ മഴയോടൊപ്പം സംഭവിക്കുന്ന ഇടിമിന്നലും ശക്തമായ കാറ്റും അപകടകാരികളാണ്. പൊതുജനങ്ങൾ പ്രത്യക ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Comments