മോസ്കോ : യുക്രെയ്നിൽ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ. കീവിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതായും റഷ്യ അവകാശപ്പെട്ടു. നിലവിൽ റഷ്യ- യുക്രെയ്ൻ യുദ്ധം 51 ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും ആക്രമണം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുക്രെയ്ൻ റഷ്യയുടെ യുദ്ധപ്പക്കൽ ആക്രമിച്ച് തകർത്തരുന്നു. ഇതേ തുടർന്നാണ് മുന്നറിയിപ്പുമായി റഷ്യ രംഗത്ത് വന്നത്. യുക്രെയ്ന്റെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യ നടത്തിയ ബോംബ് ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ആയിരക്കണക്കിന് പേർ ജീവനിൽ ഭയന്ന് പലായനം ചെയ്തിട്ടുണ്ട്.
ഇതിനിടെ യുക്രെയ്നിന്റെ അയൽ രാജ്യമായ പോളണ്ടിലേക്ക് കാനഡ കൂടുതൽ സൈന്യത്തെ അയച്ചിട്ടുണ്ട്. യുക്രെയ്നിൽ നിന്നും പലായനം ചെയ്തവരെ സംരക്ഷിക്കുന്നതിന് വേണ്ടിയും, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും വേണ്ടിയാണ് കൂടുതൽ സൈന്യത്തെ അയച്ചിരിക്കുന്നത്. യുക്രെയ്നിലെ യുദ്ധ ബാധിതർക്ക് ആവശ്യമായ സഹായങ്ങൾ യുഎന്നും നൽകുന്നുണ്ട്.
തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് നിലവിൽ റഷ്യ. ഇന്ന് നടത്തിയ ആക്രമണത്തിൽ നാല് സാധരണക്കാർ കൊല്ലപ്പെടുകയും, 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റഷ്യ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ ആളുകളെ ഒഴിപ്പിക്കാൻ ഒൻപത് മനുഷ്യത്വ ഇടനാഴികൾ കൂടി തുറന്നു നൽകിയിട്ടുണ്ട്.
Comments