ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ആശങ്ക പടര്‍ത്തി ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ കുതിച്ചുയരുന്നു. 501 പുതിയ കേസുകളാണ് ഇന്നലെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ടിപിആര്‍ നിരക്ക് 7.72 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ 500 കടക്കുന്നത്.
കഴിഞ്ഞ ദിവസം 517 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടിപിആര്‍ 4.21 ശതമാനമായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഇന്നലെ ടിപിആറിലും വലിയ വര്‍ധനയാണ് കാണിച്ചത്. ഫെബ്രുവരി 20ന് ശേഷമാണ് ഡല്‍ഹിയില്‍ വീണ്ടും ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
Comments