കാബൂൾ: അഫ്ഗാനിലെ പ്രധാനവരുമാനങ്ങളായ മയക്കുമരുന്നിന്റേയും കറുപ്പ് കൃഷിയുടേയും നിരോധനം സ്വയം ഏർപ്പെടുത്തിയ താലിബാൻ പ്രതിസന്ധിയിൽ. വരുമാനം കണ്ടെത്താനാകാതെ ഗ്രാമീണ നഗരമേഖയിലെ പദ്ധതികൾക്കായി ഫ്രാൻസിന്റെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് താലിബാൻ. കറുപ്പിന്റെ കൃഷിയും വിൽപ്പനയും വിപണനവും നിരോധിച്ച താലിബാൻ ഭരണകൂടം കർഷകർക്ക് ബദൽ സംവിധാനം ഒരുക്കാനാകാതെ ഇരുട്ടിൽതപ്പുകയാണ്.
ആഗോളതലത്തിലെ നിരോധനവും നിയന്ത്രണങ്ങളും ഒരു വശത്ത് നിലനിൽക്കേയാണ് ഗ്രാമീണ മേഖലയുടെ നട്ടെല്ലായിരുന്ന കറുപ്പ് കൃഷി ഇസ്ലാംവിരുദ്ധമാണെന്ന് കാണിച്ച് താലിബാൻ നിരോധന ഉത്തരവ് കൊണ്ടുവന്നത്. സ്ത്രീകളോടും പെൺകുട്ടികളോടും താലിബാൻ നടത്തുന്ന വിവേചനങ്ങൾക്കെതിരെ ആഗോള സമൂഹം രംഗത്ത് വന്നതും താലിബാന് വിനയാണ്.
ലോകവ്യാപകമായ നിരോധനം വലിയ ആഘാതമാണെന്നും താലിബാൻ നേതാക്കൾ അറിയിച്ചു. നിരോധനങ്ങളെക്കുറിച്ച് പുനർചിന്തിക്കണമെന്ന ആവശ്യവുമായി ഫ്രഞ്ച് പ്രതിനിധി ജീൻ മാറിൻ സ്‌കൂവിനെയാണ് താലിബാൻ പ്രതിനിധി സുഹൈൽ ഷഹീൻ കണ്ടത്.
‘ഇന്ന് ദോഹയിൽ അഫ്ഗാനിലെ ഫ്രഞ്ച് പ്രതിനിധി ജീൻ മാറിൻ സ്‌കൂവിനെ കണ്ടു. നിലവിൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള വിഷയത്തിൽ താലിബാൻ ജനങ്ങൾക്ക് നൽകുന്ന സൗകര്യങ്ങൾ വിശദീകരിച്ചു. അഫ്ഗാനിലെ വിവിധ മേഖലകളെ പഠിക്കാൻ എല്ലാവരും തയ്യാറാകണം. കാർഷിക മേഖലയിൽ കറുപ്പ് കൃഷി പ്രധാന വരുമാനമാണ്. ഫ്രാൻസിന്റെ സഹായം അഫ്ഗാനിലെ പ്രതിസന്ധി പരിഹരിക്കാൻ അനിവാര്യമാണ്.’സുഹൈൽ ഷഹീൻ പറഞ്ഞു.
അഫ്ഗാനിൽ മയക്കുമരുന്നുകളൊന്നും കൃഷി ചെയ്യാനോ വിൽക്കാനോ പാടില്ലെന്ന നിയമം കർശനമാണെന്നും താലിബാൻ പറഞ്ഞു. ഇതിൽ വിവിധ തരം മദ്യങ്ങളും, ഹെറോയിനും, ഹാഷിഷും, കെ-ടാബ്ലറ്റ് എന്നിവയും ഉൾപ്പെട്ടിട്ടുണ്ടെന്നും സുഹൈൽ പറഞ്ഞു.
Comments