കൊച്ചി: ദിലീപിന്റെ അഭിഭാഷകനും സഹോദരനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. പ്രോസിക്യൂഷൻ സാക്ഷിയയ അനൂപ് എന്തെല്ലാം പറയണമെന്ന് പഠിപ്പിക്കുന്ന രീതിയിലുള്ള സംഭാഷണമാണ് കോടതിയിൽ സമർപ്പിച്ചത്. ഇതാണ് പുറത്തായത്. മഞ്ജു വാര്യരും ദിലീപും വേർപിരിയാനുള്ള കാരണങ്ങളിലൊന്ന് അഭിഭാഷകനോട് പറയുന്നതിന്റെ ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്.
ഗുരുവായൂരിലെ ഒരു ഡാൻസ് പരിപാടിയുടെ കാര്യത്തോടെയാണ് മഞ്ജുവും ദിലീപും തമ്മിൽ ആദ്യമായി വഴക്കുണ്ടാകുന്നതെന്ന് ഓഡിയോയിൽ അനൂപ് പറയുന്നു. നല്ല ഓഫർ വന്നാൽ താൻ ഡാൻസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞതിനെ ദിലീപ് എതിർത്തതോടെയാണ് അവർ തമ്മിൽ അകൽച്ച രൂക്ഷമായതിന്റെ കാരണങ്ങളിലൊന്നായി അനൂപ് ഓഡിയോയിൽ പറയുന്നത്.
അനൂപിന്റെ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ
ഗുരുവായൂരുള്ള ഡാൻസ് പെർഫോമൻസുമായി ബന്ധപ്പെട്ടാണ് ദിലീപും മഞ്ജുവും തമ്മിൽ ആദ്യമായി വഴക്കുണ്ടാകുന്നത്.മീഡിയയിൽ വന്നു കഴിഞ്ഞിട്ടാണ് മഞ്ജു ഗുരുവായൂരിൽ ഡാൻസ് പെർഫോമൻസ് ഉണ്ട് എന്നുള്ളത് ദിലീപ് അറിഞ്ഞത്.ഇതേ കുറിച്ച് ചോദിച്ചപ്പോൾ എനിക്ക് നല്ല ഓഫർ വന്നാൽ ഞാൻ ഡാൻസ് പെർഫോമൻസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് എന്നുള്ള നിലയിൽ മഞ്ജു പറഞ്ഞു.ദിലീപ് അപ്പോൾ അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചു. അതു കഴിഞ്ഞപ്പോൾ പിന്നെ അവർ തമ്മിൽ ഒരു അകൽച്ചയായി. ചേട്ടൻ വന്നാൽ മഞ്ജു മൈൻഡ് ചെയ്യാറില്ല, ഭക്ഷണം കൊടുക്കുന്നില്ല ഒരു രീതിയിലും മഞ്ജു ചേട്ടന്റെ കാര്യങ്ങും മോളുടെ കാര്യങ്ങളും ശ്രദ്ധിക്കാതെ വന്നു.
മഞ്ജു ഒരു പ്രൊഫഷണൽ ഡാൻസർ ആകും എന്ന നില വന്നതോടെ ശ്രീകുമാർ മഞ്ജുവുമായി അങ്ങോട്ട് അടുത്തു. മഞ്ജുവിന്റെ കാര്യങ്ങൾ മഞ്ജുവിന്റെ ഏജന്റ് ആയിട്ട് സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത് എല്ലാം ശ്രീകുമാർ മേനോൻ ആയി.ദിലീപിനോട് പറയാതെ ബാങ്ക് അക്കൗണ്ട് തുടങ്ങി. ശ്രീകുമാർ മേനോൻ വഴി ഡാൻസ് പെർഫോമൻസ് ബുക്കിംഗ് ആയിട്ട് എടുത്തു തുടങ്ങി.പരിപാടികൾക്ക് കൂടുതൽ തുക ആവശ്യപ്പെട്ടു തുടങ്ങി.
ഒരു അമ്പലത്തിലെ പരിപാടിയ്ക്ക് 10 ലക്ഷം ആവശ്യപ്പെട്ടപ്പോൾ അവർ ചേട്ടനെ കോൺടാക്ട് ചെയ്തിട്ട് ചേട്ടനോട് പറഞ്ഞു, കാശ് അത്രയും ഞങ്ങൾക്ക് പറ്റില്ല കുറയ്പ്പിക്കണം എന്ന് പറഞ്ഞു. ചേട്ടൻ മഞ്ജുവിനോട് പറഞ്ഞു. അപ്പോൾ മഞ്ജു പറഞ്ഞു ഞാനാണ് എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ചേട്ടൻ അതിന്റെ കാശ് കുറയ്ക്കണം എന്ന് പറഞ്ഞപ്പോൾ മഞ്ജു അത് വിസമ്മതിച്ചു. എന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന് പറഞ്ഞു.
ഗുരുവായൂരിലെ ഡാൻസിന് ശേഷം മഞ്ജു വീട്ടിൽ പറയാതെ പോകുന്നു. ചില ദിവസം തിരിച്ചു വരാറില്ല. ചില ദിവസം ഗീതുവിന്റെ വീട്ടിൽ താമസിക്കുകയാണ് എന്നൊക്കെ പറഞ്ഞു. മഞ്ജുവിനെ ഫ്രണ്ട്സിന്റെ കൂടെ താമസിക്കുന്നു എന്നൊക്കെ പറഞ്ഞു. ചില ദിവസം വരാറില്ല. രണ്ടുദിവസം കഴിഞ്ഞപ്പോൾ മഞ്ജു ആരോടും പറയാതെ ഇറങ്ങിപ്പോയി. എവിടെ പോവുകയാണെന്ന് അമ്മ ചോദിച്ചപ്പോൾ ഞാൻ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞു.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ മഞ്ജുവിന്റെ അമ്മയും മധുവിന്റെ ഭാര്യയും കൂടി വന്നു മഞ്ജുവിനെ സാധനങ്ങളൊക്കെ എടുത്തുകൊണ്ടു പോയി. താലിയും കല്യാണമോതിരവും ഊരി വച്ചിട്ടാണ് പോയത്.ചേട്ടൻ അങ്ങോട്ട് ഫോൺ ചെയ്ത് സംസാരിക്കാൻ ഒക്കെ നോക്കി. മഞ്ജു ഫോണെടുത്തില്ല. മഞ്ജുവിന്റെ അച്ഛനെ വിളിച്ചു, അമ്മയെ വിളിച്ചു, അവർക്കൊന്നും അറിയില്ലെന്ന് പറഞ്ഞു.പിന്നീട് മഞ്ജുവിനോട് സംസാരിക്കാൻ പോയി. അവിടെ ശരിക്കും സംസാരിച്ചത് മുഴുവൻ പുള്ളിക്കാരിയുടെ അച്ഛനാണ്. എക്സാമ്പിൾ ഒക്കെ ഇട്ട് ഇവർ ഇനി ഒരുമിക്കും എന്ന് തോന്നുന്നില്ല. രണ്ടുപേരും രണ്ടു ധ്രുവത്തിലുള്ളത് ആയിട്ടാണ് തോന്നുന്നതെന്ന്. പിന്നെ അവർ അവർ പിരിയുന്നതായിരിക്കും നല്ലതെന്ന് പുള്ളിയാണ് ആദ്യം പറയുന്നത്.
Comments