അമരാവതി ; പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി. ഹൈദരാബാദിലെ അനകപ്പള്ളിയിലുള്ള കൊമ്മലപ്പുടിയിലാണ് സംഭവം. രാമു നായിഡുവിനെ (24) ആണ് പ്രതിശ്രുത വധുവായ പുഷ്പ(22) കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ (സിഎസ്ഐആർ) ശാസ്ത്രജ്ഞനാണ് യുവാവ്.
അടുത്ത മാസം 26 ന് ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ അക്രമം. മാതാപിതാക്കൾ തീരുമാനിച്ച വിവാഹത്തോട് യുവതിക്ക് താത്പര്യമുണ്ടായിരുന്നില്ല. കുടുംബത്തിൽ നിന്നുണ്ടായ സമ്മർദ്ദം മൂലമാണ് യുവതി ആദ്യം വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ വിവാഹ തീയ്യതി അടുത്തതോടെ പ്രതിശ്രുത വരനെ കൊലപ്പെടുത്താൻ യുവതി തീരുമാനിക്കുകയായിരുന്നു.
ഇതിനായി രാമുവിനോട് വരാൻ ആവശ്യപ്പെട്ടു. ഇരുവരും ചേർന്ന് മലമുകളിലെ ഒരു ക്ഷേത്രത്തിലേക്ക് പോയി. സർപ്രൈസ് തരാമെന്നും കണ്ണടയ്ക്കണമെന്നും പറഞ്ഞാണ് യുവതി രാമുവിനെ കൂട്ടിക്കൊണ്ട് പോയത്. തുടർന്ന് യുവതി ഷാൾ എടുത്ത് യുവാവിന്റെ കണ്ണും കെട്ടി. ഇതിന് പിന്നാലെയാണ് യുവതി കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ആക്രമിച്ചത്. ‘ എനിക്ക് നിന്നെ വിവാഹം കഴിക്കാൻ താത്പര്യമില്ല’ എന്നാണ് കഴുത്തറുത്ത ശേഷം യുവതി പറഞ്ഞത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തന്റെ അനുവാദമില്ലാതെയാണ് വിവാഹം നിശ്ചയിച്ചതെന്ന് പുഷ്പ പോലീസിനോട് പറഞ്ഞു. യുവതിക്ക് മറ്റ് പ്രണയ ബന്ധങ്ങൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Comments