അഹമ്മദാബാദ് : ഗുജറാത്തിൽ എത്തിയ പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ്പ് നൽകാൻ തടിച്ചുകൂടിയത് ആയിരക്കണക്കിന് സ്ത്രീകൾ. ബനാസ്കന്തയിലെ ബനാസ് ഡയറി ശങ്കുൽ ഉൾപ്പെടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ഇന്ന് ഗുജറാത്തിൽ എത്തിയത്. റാലിയിലുടനീളം സ്ത്രീകളുടെ മോദി മോദി വിളികളാണ് മുഴങ്ങിക്കേട്ടത്.
ഗുജറാത്ത് മുഖ്യമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ തുടക്ക കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ സ്ത്രീകൾ എഴുന്നേറ്റ് നിന്നാണ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്. ഇതോടെ അദ്ദേഹം വികാരഭരിതനായി. ബനാസിലെ നാരീ ശക്തിയെ പ്രധാനമന്ത്രി പ്രസംഗത്തിൽ അഭിനന്ദിച്ചു. ഗോക്കളെ സ്വന്തം കുട്ടികളെപ്പോലെ നോക്കുന്ന അമ്മമാർ രാജ്യത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേജിൽ നിന്ന് സ്ത്രീകളെ അദ്ദേഹം തൊഴുകൈകളോടെ വണങ്ങി. കർഷകരെയും സ്ത്രീകളെയും ശാക്തീകരിക്കാനുള്ള ഹബ്ബായി കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ബനാസ് മാറിയെന്നും അദ്ദേഹം പരാമർശിച്ചു.
നിങ്ങളുടെ വയലുകളിൽ പങ്കാളിയെപ്പോലെ താൻ എന്നും കൂടെയുണ്ടാകും എന്നും മോദി അവർക്ക് ഉറപ്പ് നൽകി. ബനാസ് കമ്യൂണിറ്റി റേഡിയോ സ്റ്റേഷനും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ബനാസിലെ സ്ത്രീകളുടെ അനുഗ്രഹത്തിന് അദ്ദേഹം നന്ദി അറിയിച്ചു. അതിനിടെ പ്രധാനമന്ത്രിയെ ഇരു കൈകളും ഉയർത്തി അനുഗ്രഹിക്കുന്ന ഒരു വനിതയുടെ ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Comments