ദുബായ്: എക്‌സ്‌പോ 2020 ൽ ദുബായിയെ ഇളക്കിമറിച്ച സാംസ്‌കാരിക-കലാ പ്രകടനങ്ങൾ വീണ്ടും തിരിച്ചെത്തുമെന്ന് അധികൃതർ. എക്‌സ്‌പോ കമ്മീഷണർ ജനറലും യു.എ.ഇ സഹിഷ്ണുത-സഹവർത്തിത്വ കാര്യ മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് ആൽ നെഹ്യാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്‌സ്‌പോ നഗരി ‘ഡിസ്ട്രിക്റ്റ് 2020’ എന്ന പേരിൽ പുതിയ ടൗൺഷിപ്പായി രൂപപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പുതിയ പട്ടണമായി മാറുമ്പോഴും എക്‌സ്‌പോയിലെ മിക്ക പവലിയനുകളും കലാപരിപാടികളും അക്കാദമിക് പരിപാടികളും ഇവിടെ തിരിച്ചെത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, എക്‌സ്‌പോയിലെ വേദികളായ അൽ വസ്ൽ പ്ലാസയും ജൂബിലി തിയറ്ററും അടക്കമുള്ള വേദികൾ നിലനിർത്തുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.എ.ആർ. റഹ്മാൻ എക്‌സ്‌പോക്കു വേണ്ടി പ്രത്യേകമായി രൂപപ്പെടുത്തിയ ‘ഫിർദൗസ് ഓർകസ്ട്ര’യും നിലനിർത്തുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് എക്‌സ്‌പോയിലെ ആകർഷണങ്ങൾ നിലനിർത്തുമെന്നത് ശൈഖ് നഹ്യാൻ ബിൻ മുബാറക് വ്യക്തമാക്കിയത്. വിശ്വമേള മികച്ച ഭാവിയിലേക്ക് ലോകത്തിന് മുഴുവൻ പ്രതീക്ഷ പകരുന്നതാണ്. രാജ്യത്തിന്റെ യാത്രയുടെയും സമീപനത്തിന്റെയും വിജയം അടയാളപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടരക്കോടിയോളം വരുന്ന അതിഥികൾക്ക് മികച്ച സേവനം ചെയ്ത സന്നദ്ധ പ്രവർത്തകരെയും ശൈഖ് നഹ്യാൻ അഭിനന്ദിച്ചു.
ഡിസ്ട്രിക്ട് 2020യുടെ മേൽനോട്ടത്തിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം സുപ്രീംകമ്മിറ്റിയെ നിയമിച്ചിരുന്നു. ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവർത്തിക്കുക. ഈ സമിതിയാണ് ഡിസ്ട്രിക്ടിലെ സംവിധാനങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുക. എക്‌സ്‌പോ കഴിഞ്ഞ് ആറുമാസത്തിനും ഒരു വർഷത്തിനുമിടയിൽ ‘ഡിസ്ട്രിക്റ്റ് 2020- ഫേയ്‌സ്-1’തുറക്കുമെന്നാണ് നേരത്തേ അധികൃതർ അറിയിച്ചത്.
Comments