കണ്ണൂർ: വാഗ്ദാനങ്ങൾ വെറുതെ നൽകുന്നതല്ല പാലിക്കാനുള്ളതെന്ന് തെളിയിച്ച് മുൻ എംപിയും നടനുമായ സുരേഷ് ഗോപി. അസം സ്വദേശിനി മുൻമി ഗഗോയിക്ക് കുടുംബത്തിനും സ്വന്തമായി വീട് നിർമ്മിച്ചു നൽകും എന്ന വാക്കാണ് സുരേഷ് ഗോപി പാലിച്ചത്.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇരിട്ടി നഗരസഭയിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് മുൻമി.
ഇരിട്ടിയുടെ മരുമകളായിട്ടാണ് മുൻമി ഗഗോയ് കണ്ണൂരിൽ എത്തുന്നത്. ചെറിയ സമയം കൊണ്ട് തന്നെ ഇരിട്ടി വാസികളുടെ മനസിൽ ഇടംപിടിച്ച മുൻമി ചോർന്നൊലിക്കുന്ന വളരെ പരിമിതമായ ഒറ്റമുറി വാടക വീട്ടിലാണ് ഇതു വരെ താമസിച്ചിരുന്നത്. ഇത് വാർത്തകളിലൂടെ അറിഞ്ഞ സുരേഷ് ഗോപി എം.പി മുൻമിക്ക് വീട് നിർമ്മിച്ച് നൽകാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു.
പക്ഷേ വീട് വെക്കാൻ സ്വന്തം സ്ഥലമില്ലാതെ വന്ന സാഹചര്യത്തിൽ ആ പ്രദേശത്തിലെ മനുഷ്യ സ്നേഹിയായ ഡോക്ടർ പി. സലീം എന്നയാൾ മുൻമിക്ക് വീട് വെക്കാൻ സൗജന്യമായി സ്ഥലം നൽകാൻ തയാറായി മുന്നോട്ട് വന്നു. തുടർന്ന് സുരേഷ് ഗോപിയുടെ നിർദ്ദേശ പ്രകാരം വീട് പണി പെട്ടെന്ന് തന്നെ പൂർത്തീകരിക്കുകയായിരുന്നു. ഇന്ന് മുൻമിയും കുടുംബവും താരത്തിന്റെ അനുഗ്രഹത്തിലും സാന്നിധ്യത്തിലും പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. കൂപ്പു കൈകളോടെ എറെ നന്ദി പ്രകടിപ്പിച്ചാണ് മുൻമി സൂപ്പർ താരത്തെ വീട്ടിലേക്ക് വരവേറ്റത്.
Comments