തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് വിമർശനം. ഇടതുമുന്നണി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചതും ലീഗിനെ സ്വാഗതം ചെയ്തതുമാണ് വിമർശനത്തിന് കാരണമായത്. ജയരാജന്റെ പ്രസ്താവന അനവസരത്തിലാണെന്ന് സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
ലീഗിനെ ക്ഷണിച്ചതിന് പിന്നാലെ വിമർശനത്തെ തുടർന്നാണ് ഇ.പി ജയരാജൻ തിരുത്തലുമായി മുന്നോട്ടുവന്നതെന്നും സെക്രട്ടറിയേറ്റ് പറഞ്ഞു. രാഷ്ട്രീയ നിലപാട് മറന്നുകൊണ്ടുള്ള പ്രതികരണം പാടില്ല. കൺവീനർ പ്രസ്താവന നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ലിഗീനെ കൊണ്ടുവന്ന് മുന്നണി വിപുലീകരിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന നിലപാടിലാണ് എൽഡിഎഫ്.
എൽഡിഎഫ് മുന്നണിയിലേക്ക് ലീഗിനെ സ്വാഗതം ചെയ്ത ജയരാജന്റെ പ്രസ്താവന കഴിഞ്ഞ ദിവസമാണുണ്ടായത്. എൽഡിഎഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പ്രതികരണം. തുടർന്ന് രണ്ട് ദിവസവും അദ്ദേഹം ഒരേ പ്രസ്താവന തന്നെ ആവർത്തിക്കുകയും ചെയ്തിരുന്നു.
Comments