ഇസ്ലാമാബാദ്: ഭരണം നഷ്ടപ്പെട്ട അരിശം മുഴുവൻ സൈന്യത്തിന് മേൽ തീർത്ത് ഇമ്രാൻഖാൻ. ഭരണകൂട വിരുദ്ധ വികാരമുണ്ടാക്കാൻ നടത്തുന്ന ലാഹോർ റാലിയിലാണ് ഇമ്രാൻഖാൻ സൈന്യത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ഇന്ത്യയുടെ വിദേശനയങ്ങളെ പുകഴ്ത്തിയ ഇമ്രാൻ സൈന്യം കൃത്യമായ ലക്ഷ്യത്തോടെ കെട്ടിഇറക്കിയവരാണ് രാജ്യംഭരിക്കുന്നതെന്നും ആരോപിച്ചു. ഉടൻ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ ഭരണകൂടത്തെ വലിച്ച് താഴെഇടുമെന്നും മുന്നറിയിപ്പും ഇമ്രാൻഖാൻ നൽകി.
താൻ പാകിസ്താന്റെ ഭരണത്തെ ശരിയായ ദിശയിൽ കൊണ്ടുപോകാൻ ആഗ്രഹിച്ച വ്യക്തി യാണ്. സൈന്യമാണ് പല പ്രശ്നങ്ങൾക്കും ചുക്കാൻ പിടിച്ചത്. തന്നെ പുറത്താക്കിയതിലൂടെ നിലവിലെ പുതിയ ഭരണകൂടവും സൈന്യവും ഗുരുതരമായ തെറ്റാണ് വരുത്തിയിരിക്കുന്നത്. ആ തെറ്റ് തിരുത്തുക തന്നെ വേണം. ജനങ്ങളാണ് തന്നെ അധികാരത്തിലേറ്റിയത്. അല്ലാതെ സൈന്യമല്ല. അയൽരാജ്യത്തെ നോക്കി പഠിക്കുക. ഇന്ത്യയുടെ വിദേശ നയം അവിടത്തെ ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്. എന്നാൽ പാകിസ്താനിലെ വിദേശ നയം ആർക്കുവേണ്ടി യാണെന്നും ഇമ്രാൻ ഖാൻ ചോദിച്ചു.
റാലികളുടെ അവസാനം ഈ രാജ്യം കാണാൻ ഇരിക്കുന്നത് വലിയ പ്രക്ഷോഭമാണ്. എല്ലാവരും വൻജനകീയ മുന്നേറ്റമായി ഇസ്ലാമാബാദിലേക്ക് എത്തിച്ചേരണം. എന്നാൽ ഇപ്പോൾ സമയമായിട്ടില്ല. താൻ വിളിക്കും അപ്പോൾ എല്ലാവരും എത്തണമെന്ന ആഹ്വാനവും നൽകാനും ഇമ്രാൻ മറന്നില്ല.
Comments