ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ട് സാധാരണക്കാരെ ഭീകരർ വെടിവെച്ചു. ശ്രീനഗറിന് സമീപം നൗഗാം ഏരിയയിലാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
രണ്ട് വിവിധ ഭാഷാ തൊഴിലാളികളെയാണ് ഭീകരർ വെടിവെച്ചത്. ഇരുവരെയും എസ്എംഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശമാകെ സൈന്യം വളഞ്ഞിരിക്കുകയാണ്. ആക്രമണം നടത്തിയ ഭീകരർക്കായി പരിശോധന തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.
അതേസമയം ജമ്മുവിലെ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ഭീകരരെ സൈന്യം വധിച്ചിരുന്നു. രണ്ട് ജെയ്ഷെ ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ഒമ്പത് സുരക്ഷാ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments