കൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ഇനി മൊബൈൽ ഫോണിലും എടുക്കാം. മൊബൈൽ ഫോണിൽ ലഭിക്കുന്ന ക്യുആർ കോഡ് ടിക്കറ്റ് ഗേറ്റിൽ കാണിച്ചാൽ മതി. ഇതിനായി തയാറാക്കിയ കൊച്ചി വൺ ആപ് പ്ലേസ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാമെന്ന് കൊച്ചി മെട്രോ വ്യക്തമാക്കി.
ലഘുവായ ചില നടപടിക്രമങ്ങളിലൂടെ റജിസ്ട്രേഷൻ പൂർത്തിയാക്കി എം.പിൻ നമ്പർ സെറ്റ് ചെയ്യുക. അതിനുശേഷം ടിക്കറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും തിരഞ്ഞെടുക്കുക. അതിനുശേഷം ബുക്ക് ടിക്കറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇഷ്ടമുള്ള ഡിജിറ്റൽ പേയ്മെന്റ് രീതി സ്വീകരിക്കാമെന്നും കൊച്ചി മെട്രോ അറിയിച്ചു.
പേയ്മെന്റ് പൂർത്തിയാകുന്നതോടെ മൊബൈൽ സ്ക്രീനിൽ ലഭിക്കുന്ന ക്യുആർ കോഡ് ടിക്കറ്റ് ഗേറ്റിൽ കാണിച്ച് സ്കാനിങ്ങിനു വിധേയമായി സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും. ആപ്പിലെ മെനുവിൽ നിന്ന് ഏതുസമയത്തും ക്യുആർ കോഡ് ടിക്കറ്റ് സ്കാനിങ്ങിനായി എടുക്കാം.
Comments