കണ്ണൂർ: ജില്ലയിൽ വീടിന് നേരെ ബോംബേറ്. കണ്ണൂർ പിണറായി പാണ്ട്യാല മുക്കിലാണ് വീടിന് നേരെ ബോംബേറുണ്ടായത്. സിപിഎം പ്രവർത്തകനായ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന നിജിൽ ദാസിനെ പിടികൂടിയ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ വീടിന് ഉൾപ്പടെ കനത്ത സുരക്ഷ ഏർപ്പെടുത്തി.മുഖ്യമന്ത്രിയുടെ സ്വദേശത്ത് ബോംബേറ് ഉണ്ടായ പശ്ചാത്തലത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള വഴിയിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.
പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന്റെ പേരിൽ വീട്ടുടമസ്ഥ ആയ അദ്ധ്യാപിക രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുന്നോൽ അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയാണ് രേഷ്മ.
ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു തലശ്ശേരി സ്വദേശി പുന്നോൽ ഹരിദാസ് കൊല്ലപ്പെട്ടത്.
Comments