ന്യൂഡൽഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, ഇലക്ട്രിക് വാഹനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ നിർമ്മാതാക്കൾക്കായി കേന്ദ്രസർക്കാർ പ്രത്യേകം മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും ഇനി നിർമ്മിക്കുന്നവയ്ക്കായി പ്രത്യേകം ശുപാർശകൾ നൽകാനും സമിതിയെ രൂപീകരിച്ചു. അതേസമയം കേന്ദ്രത്തിന്റെ ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാതെ തകരാറുള്ള ബാച്ചിലെ വാഹനങ്ങൾ എല്ലാം അടിയന്തരമായി തിരിച്ചു വിളിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇലക്ട്രിക് വാഹനങ്ങൾ കത്തി നശിച്ച് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികൾ ശുപാർശ ചെയ്യുന്നതിനുമായി കേന്ദ്രസർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗഡ്കരി പറഞ്ഞു.
തകരാറുള്ള വാഹനങ്ങൾ തിരിച്ചുവിളിക്കാൻ കമ്പനികൾ മുൻകൂറായി നടപടികൾ സ്വീകരിക്കാൻ. നിർമ്മാണ പ്രക്രിയയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കമ്പനികൾ നടത്തുന്നതായി തെളിഞ്ഞാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.
Comments