പയ്യന്നൂർ: ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത് കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുകുറുക്കൽ സമരത്തിന്റെ ഓർമകളോടെ സ്മൃതിയാത്രയ്‌ക്ക് സമാപനമായി. പയ്യന്നൂർ ഉളിയത്തുകടവിൽ ഉപ്പുകുറുക്കി നൂറുകണക്കിന് സമരഭടൻമാരുടെ നേതൃത്വത്തിൽ പയ്യന്നൂർ ടൗൺസ്‌ക്വയറിലെ സമ്മേളന വേദിയിലെത്തിച്ചു. സമാപനസമ്മേളനം കേന്ദ്രമന്ത്രി ജനറൽ വി.കെ.സിങ് ഉദ്ഘാടനം ചെയ്തു. പ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജകൻ ജെ.നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. സമരഭടൻമാർ കുറുക്കിയെടുത്ത ഉപ്പ് കേളപ്പജിയുടെ പൗത്രൻ നന്ദകുമാർ മൂടാടിക്ക് കേന്ദ്രമന്ത്രി വി.കെ.സിങ് കൈമാറി.
കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് നടന്ന ഉപ്പുസത്യഗ്രഹ യാത്രയുടെ പുനരാവിഷ്‌കാരമാണ് സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ വേളയിൽ നടന്നത്. അന്ന് കേളപ്പജി ഏപ്രിൽ 13ന് ആരംഭിച്ച യാത്രപുനരാവിഷ്‌കരിക്കുകയായിരുന്നു. കേളപ്പജി യാത്ര തുടങ്ങിയ അതെ ദിവസം തന്നെയാണ് കോഴിക്കോട് തളിക്ഷേത്രസന്നിധിയിൽ നിന്നും യാത്ര ആരംഭിച്ചത്.
മലയാളികൾ മറന്ന കെ.കേളപ്പന്റെ സ്മരണകളും സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന ഓർമകളും പുതുതലമുറയ്‌ക്ക് പകർന്നു നൽകാൻ സ്മൃതിയാത്രയ്‌ക്ക് സാധിച്ചു. സംഘാടക സമിതി ചെയർമാൻ കെ.രാമകൃഷ്ണൻ അധ്യക്ഷനായി. പ്രഭാകരൻ പലേരി, പ്രശാന്ത് ബാബു കൈതപ്രം, ടി.കെ.ഈശ്വരൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വി.പി.അപ്പുക്കുട്ടൻ, എ.വി.രാഘവ പൊതുവാൾ, പ്രശാന്ത് ചെറുതാഴം, സപര്യരാജ് എന്നിവരെ ആദരിച്ചു.
Comments