കർഷകന്റെ സുഹൃത്തായാണ് മണ്ണിരകൾ അറിയപ്പെടുന്നത്. മണ്ണിരകൾ മണ്ണിൽ എത്രത്തോളം ഉണ്ടോ, ആ മണ്ണ് അത്രത്തോളം കൃഷിയോഗ്യമാണെന്നാണ് പറയുന്നത്. എന്നാൽ ദിവസം മുഴുവൻ എവിടെ നോക്കിയാലും മണ്ണിരകളെ കാണാൻ തുടങ്ങിയാലോ, അത്ര രസകരമായ അനുഭവം ആയിരിക്കില്ല അല്ലേ. തായ്‌ലൻഡിലെ ത്വാക് മേഖലയിലാണ് സംഭവം. ഒരു മഴ പെയ്തു കഴിഞ്ഞതിന് പിന്നാലെ പ്രദേശത്ത് ഈ അത്ഭുത പ്രതിഭാസം കാണാൻ തുടങ്ങിയത്.
ഈ മാസം 19നായിരുന്നു സംഭവം. പ്രദേശമാകെ മണ്ണിരകളെ കൊണ്ട് നിറഞ്ഞു. ആറിഞ്ച് വരെ വലിപ്പമുള്ള മണ്ണിരകളെയാണ് കൂട്ടപ്രളയത്തിൽ ഇവിടെ കാണാനായത്. വലിയ തോതിൽ മണ്ണിരകളെ കണ്ടതോടെ പ്രദേശവാസികൾക്കും ആശങ്കയായി. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഇത് എന്തുതരം പ്രതിഭാസമാണെന്ന് കണ്ടെത്താനുള്ള തിരക്കിലായിരുന്നു എല്ലാവരും.
മണ്ണിര പ്രളയത്തിന് മുൻപായി മേഖലയിൽ വലിയ തോതിൽ മഴ പെയ്തിരുന്നു. മഴ മണ്ണിരകൾക്ക് നല്ലതാണെങ്കിലും അധികമായ മഴ അവയ്‌ക്കും ദോഷകരമാണ്. പരന്ന പ്രദേശമായതിനാൽ മഴവെള്ളം ഒഴുകി പോകാതെ മണ്ണിലേക്ക് ഇറങ്ങിയതോടെ പ്രാണരക്ഷാർത്ഥം മണ്ണിരകൾ കൂട്ടത്തോടെ പുറത്ത് വന്നതാണെന്നാണ് പ്രാഥമിക നിഗമനം.
Comments