തിരുവനന്തപുരം; കാട്ടാക്കടയിൽ സംഘർഷം. നഗരത്തിൽ യുവാക്കളും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. കാട്ടാക്കട ബസ് സ്റ്റാൻഡിലാണ് നാൽപ്പതോളം പേർ തമ്മിൽ ഏറ്റുമുട്ടിയത്. വിദ്യാർത്ഥിയെ വെട്ടിപ്പരിക്കേൽപ്പിക്കാൻ നടന്ന ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബസ് സ്റ്റാൻഡിലെ കടകൾക്ക് മുന്നിൽ വെച്ചാണ് വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ ഏറ്റുമുട്ടിയത്. വാളുമായെത്തിയ യുവാക്കൾ ഒരു വിദ്യാർത്ഥിയെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു.പിന്നാലെ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. അര മണിക്കൂറോളം സംഭവ സ്ഥലത്ത് സംഘർഷം തുടർന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ ഇരു സംഘങ്ങളും ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ പിടിയിലായ നാലുപേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. കാട്ടാക്കട ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകളാണ് സംഘർഷത്തിന് കാരണമായതെന്നാണ് സൂചന.
Comments