ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാന്‍ പാകിസ്താന് അധികാരമില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. പാകിസ്താന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെതിരേയും അരിന്ദം ബാഗ്ചി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
‘ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവിടെ ലഭിച്ച സ്വീകരണവും, വികസനത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തതുമെല്ലാം നിങ്ങള്‍ കണ്ടതാണ്. നിങ്ങള്‍ ചോദിച്ച ചോദ്യത്തിനും അതാണ് ഉത്തരം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ചും, ജമ്മു കശ്മീരില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും പറയാന്‍ പാകിസ്താന് യാതൊരു അധികാരവുമില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജമ്മു സന്ദര്‍ശനത്തെ ചോദ്യം ചെയ്യേണ്ട ആവശ്യവും അവര്‍ക്കില്ല’ അരിന്ദം ബാഗ്ചി പറഞ്ഞു.
ദേശീയ പഞ്ചായത്ത് രാജ് ദിവസത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തുന്നത്. കശ്മീരില്‍ നിന്നും എല്ലാ ഗ്രാമ സഭകളേയും അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. സന്ദര്‍ശനത്തിന് പിന്നാലെ 20,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികള്‍ക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്.
Comments