കൊളംബോ; രാജിസന്നദ്ധ പ്രകടിപ്പിച്ച് ശ്രീലങ്കയുടെ പ്രതിസന്ധി പരിഹരിക്കാമെന്ന് പറയുന്ന മഹിന്ദ രജപക്‌സെയുടേയും ഗോതാബയയുടേയും അഴിമതി അമ്പരപ്പിക്കുന്നതെന്ന് പ്രതിപക്ഷം. ഇന്ന് സർവ്വകക്ഷി ചർച്ചകൾക്കായി ഭരണകൂടം നീങ്ങുന്നതിനിടെയാണ് പ്രതിപക്ഷം കണക്കുകൾ നിരത്തുന്നത്.
ജനങ്ങളുടെ മേൽ മുൻപ് അടിച്ചേൽപ്പിച്ചിരുന്ന അധിക നികുതി ഭാരം പൂർണ്ണമായും ഇല്ലാതാക്കുമെന്ന വ്യാപകപ്രചാരണത്തോടെ 2019ൽ അധികാരമേറ്റ മഹീന്ദ 30 മാസം കൊണ്ട് ശ്രീലങ്കയെ പാപ്പരാക്കിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നികുതി 15 ശതമാനത്തിൽ നിന്ന് 8 ശതമാനമാക്കി കുറയ്‌ക്കാൻ ധനകാര്യമന്ത്രി മംഗളാ സമരവീരയാണ് നയങ്ങൾ മുന്നോട്ട് വെച്ചത്. എന്നാൽ റവന്യൂ വരുമാനം കുത്തനെ ഇടിഞ്ഞതോടെ വിദേശകടം പോലും തിരിച്ചടയ്‌ക്കാനാകാത്ത തരത്തിൽ രാജ്യം തകർന്നു. മികച്ച വരുമാനം ലഭിച്ചിരുന്ന വിനോദ സഞ്ചാര മേഖല കൊറോണ കാലത്ത് നിശ്ചലമായതോടെ ഭരണകൂടം തീർത്തും പ്രതിസന്ധിയിലായി.
നിലവിൽ ഇന്ധനത്തിനും ഭക്ഷ്യധാന്യത്തിനും ഇന്ത്യയേയും മറ്റ് ലോകരാജ്യങ്ങളേയും സമീപിച്ചിരിക്കുകയാണ് ശ്രീലങ്ക. ദിവസവും 13 മണിക്കൂർ പവർകട്ടാണ് എല്ലായിടത്തും ഏർപ്പെടുത്തിയിരിക്കുന്നത്. രജപ്കസെ കുടുംബ ഭരണത്തിൻ കീഴിൽ വകുപ്പുകളെ മുഴുവൻ നിയന്ത്രിച്ചതോടെ സിംഹളവിഭാഗത്തിലെ ബുദ്ധവിഭാഗവും അല്ലാത്തവരും തമ്മിൽ വലിയ സംഘർഷവും ഉടലെടുത്തിരിക്കുകയാണ്. 70 ശതമാനം സർക്കാർ വകുപ്പുകളുടെ തലപ്പത്തും സ്വന്തക്കാർ മാത്രം ഭരിക്കുന്ന തരത്തിലേക്കാണ് മഹിന്ദയും ഗോതബയയും ശ്രീലങ്കയെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്.
Comments